ഡെങ്കിപ്പനി: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും



ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായും പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും കണ്ണിനു പിന്നിലെ വേദനയും പേശികളിലും സന്ധികളിലും കഠിനമായ വേദന, ശരീരത്തിൽ ചുവന്ന തടുപ്പുകൾ, വിറയൽ, കടുത്ത ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടി വെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല, കൊതുക് തിരികൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുക. എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ഫ്രിഡ്ജിന്റെ വാട്ടർ ട്രേ, വാട്ടർ കൂളറുകൾ, അലങ്കാരച്ചെടികളുടെ ചട്ടികൾ, മടലുകൾ, ടെറസ്സ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി 'ഡ്രൈ ഡേ' ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.

Post a Comment

വളരെ പുതിയ വളരെ പഴയ