കിടുക്കാച്ചിയാണ് കസിൻസിൻ്റെ ഈ കലക്കൻ മോമോസ്


കതിരൂർ
ചൈന, തിബറ്റ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ തീൻമേശയിലെ തനത് വിഭവമായ മോമോസ് ഇന്ന് കേരളത്തിനും സുപരിചിതമാവുകയാണ്. ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിലും മെട്രോ പൊളിറ്റൻ സിറ്റി കളിലും മുമ്പേ സ്ഥാനമുറപ്പിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളെടുത്താണ് വിവിധ സംസ്ഥാനങ്ങൾ താണ്ടി മോമോസെന്ന രുചിയുടെ പ്രതിഭാസം കേരളത്തിലെത്തിയത്. കാലം കുറച്ചെ ആയുള്ളു എങ്കിലും മലയാളികൾക്ക് മോമോസിനോട് ഇന്ന് ഏറെ പ്രിയം ഉണ്ട്. ഈ പ്രിയം സാക്ഷാത്കരിക്കുകയാണ് കൂത്ത്പറമ്പ് സ്വദേശികളായ അഞ്ച് സഹോദരങ്ങൾ.

ജോലി തിരക്കുകൾ കഴിഞ്ഞുള്ള ഒഴിവ് സമയം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്ന അനീഷിൻ്റെ ചിന്തയാണ് ആധാരം. പിന്നെ ബന്ധുക്കളുമൊത്ത് ചർച്ചയാണ്.
ആഗ്രഹത്തോട് സഹോദരങ്ങളും ഭാര്യയും ഡബിൾ ഓക്കേ പറഞ്ഞപ്പോൾ കതിരൂർ ആറാംമൈലിൽ മോമോസ് കടയെന്ന കുഞ്ഞു സംരഭത്തിന് തുടക്കം കുറിച്ചു. മോമോലിഷ്യസ് എന്ന് പേര് നൽകിയ കടയിൽ സ്റ്റീംഡ് മോമോസ്, ഫ്രൈഡ് മോമോസ്, പെരി പെരി ഫ്രൈഡ് തുടങ്ങി മോമോവിൻ്റെ വിവിധ രുചിബേധങ്ങളുണ്ട്. നേപ്പാൾ സ്വദേശിയുടെ സഹായത്തോടെ രുചിക്കൂട്ടുകൾ പഠിച്ചെടുത്താണ് മോമോസ് വിഭവങ്ങൾ തയ്യാറാക്കുന്നത്. അനീഷിൻ്റെ ഭാര്യയും ഏഴിമല നാവിക അക്കാദമി ജീവനക്കാരിയുമായ കീർത്തന,
സഹോദരിയും ഹിന്ദി അധ്യാപികയുമായ അഞ്ജലി, സഹോദരനും ജിം ട്രെയിനറുമായ അർജുൻ, അർജുൻ്റെ ഭാര്യയും ബിരുദ വിദ്യാർഥിനിയുമായ അർച്ചന തുടങ്ങിയവരാണ് യുവ സംരംഭ കൂട്ടത്തിലുള്ളത്. സ്വന്തമായി റെസിപ്പികൾ പഠിച്ചെടുത്ത അഞ്ജലിയും അർച്ചനയും ഇന്ന് പ്രോ മോമോസ് മെയ്ക്കറാണ്. മറ്റുള്ളവർ മോമോസ് കടയിലെ സജീവ പ്രവർത്തകരും. മറ്റ് ജോലികൾ പൂർത്തിയാക്കി വൈകിട്ട് ആറ് മണിയോടെ ആരംഭിക്കുന്ന മോമോസ് വിൽപന 12 വരെ നീളും. ആരംഭിച്ച് രണ്ട് മാസം മാത്രമാണ് ആയതെങ്കിലും ഈ രുചി തേടി ഇവിടേക്കെത്തുന്നത് നിരവധി പേരാണ്. ആദ്യമായി രുചിക്കാൻ വരുന്നവരുമുണ്ട്. മോമോസ് സുപരിചിതമല്ലാത്തവർക്ക് ഇത് ഇറച്ചിയുടെ അടയാണ്. 

പുതിയ സംരംഭകർക്കും യുവാക്കൾക്കും മാതൃകയാവുകയാണ് ഈ സഹോദരങ്ങൾ. വ്യത്യസ്ത ചിന്തകൾകൾക്ക് പ്രചോദനം നൽകുന്നതോടൊപ്പം തൊഴിലില്ലായമയെ പഴിചാരി സമയം കൊല്ലുന്നവർക്ക് ഇവർ വഴി കാട്ടുന്നു. തങ്ങളുടെ ജോലി കഴിഞ്ഞെത്തുന്ന ഉടൻ സ്വന്തം കടയുടെ പ്രവർത്തനത്തിനായുള്ള വേഷപകർച്ച ദ്രുതഗതിയിലാണ്. കടയിലെത്തുന്നവരെ കുഞ്ഞു പളുങ്കു ഗ്ലാസിൽ ചായ നൽകിയാണ് ഇവർ സ്വീകരിക്കുന്നത്. പിന്നീട് ആവശ്യമനുസരിച്ച് മോമോസ് തയാറാക്കും. നല്ല തിരക്കാണ് മിക്ക സമയങ്ങളിലെങ്കിലും ജോലി സമ്മർദങ്ങൾക്ക് പകരം ഏറെ ആസ്വദിച്ചാണ് ഇവർ തങ്ങളുടെ കുഞ്ഞു സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ