വേങ്ങാട്: മാനവികതയുടെയും ആത്മീയതയുടെയും സന്ദേശം സമൂഹത്തിൽ കൂടുതൽ ശക്തമായി പ്രചരിപ്പിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഖാദിരിയ തരീഖത്ത് ദേശീയ അധ്യക്ഷൻ ഹസ്രത്ത് ഖാജാ സയ്യിദ് അബു തുറാബ് ഷാ ഖാദിരി ചിശ്തി യമനി ബന്തേനവാസി പറഞ്ഞു. ചരിത്രപ്രസിദ്ധമായ വേങ്ങാട് ദർഗ്ഗ ശരീഫിൽ നടന്ന പതിനെട്ടാമത് ഉറൂസെ ഉപ്പാവയുടെ ഭാഗമായി സംഘടിപ്പിച്ച ആത്മീയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത-ജാതി വ്യത്യാസങ്ങൾക്കതീതമായി പരസ്പര സ്നേഹവും സഹവർത്തിത്വവും വളർത്തിയെടുക്കാൻ സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആസ്ഥാന ഉപ്പാവ ജാനഷീൻ ഹസ്രത്ത് ശൈഖ് മസീഹ് സത്താർ ഷാ ഖാദിരി ചിശ്തി യമനി ബന്തേനവാസി അധ്യക്ഷത വഹിച്ചു.
ഹസ്രത്ത് ശൈഖ് അമാനുള്ള ഷാ ഖാദിരി സജ്ജാദ നഷീൻ ബാർഗായെ ഹസ്രത്ത് കരീമി, ഹസ്രത്ത് ശൈഖ് ഷാഹിദ് ഖാദിരി ചിശ്തി യമനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ശംസുദ്ദീൻ ഖാദിരി കാസർഗോഡ് സ്വാഗതവും എ.ടി. അബ്ദുൽ അസീസ് ഹാജി നന്ദിയും രേഖപ്പെടുത്തി.
കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കാളികളായി. മൂന്നുദിവസങ്ങളിലായി നടന്ന ഉറൂസ് ആഘോഷങ്ങൾ ആയിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെയാണ് സമാപിച്ചത്. ആത്മീയ സംഗമത്തിനും സൗഹാർദ സന്ദേശത്തിനും വേദിയായ ഉറൂസ് ഉപ്പാവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് പര്യവസാനിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ