പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡിൽ അപകട ഭീഷണി ഉയർത്തുന്ന ഗവ. ബ്രണ്ണൻ കോളേജ് മതിൽ
ധർമടം: കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീതിയുയർത്തി ഗവ. ബ്രണ്ണൻ കോളേജിൻ്റെ ചുറ്റുമതിൽ. ഇത് ഏത് നിമിഷവും റോഡിലേക്ക് പതിക്കാമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവർ. ധർമടം പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം, സിന്തറ്റിക് ട്രാക്ക് എന്നിവിടങ്ങളിലേക്കുള്ള പാതയുടെ വശത്തെ ചുറ്റുമതിലാണ് ഭീഷണിയായിരിക്കുന്നത്. വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി നൂറുകണക്കിനാളുകളാണ് ദിനംപ്രതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. മഴ ആരംഭിച്ചതോടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വർധിച്ചു. കൂടാതെ സിന്തറ്റിക് ട്രാക്കിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾ, ബ്രണ്ണൻ കോളേജ് വിദ്യാർഥികൾ പ്രദേശവാസികൾ ഉൾപ്പെടെ ആയിരങ്ങളുടെ സഞ്ചാര പാത കൂടിയാണ് ഇത്. കരിങ്കല്ലിൽ തീർത്ത മതിലിൻ്റെ നല്ലൊരുഭാഗം ഇപ്പോൾ റോഡിലേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയാണ്. മഴ ഒന്നുകൂടെ കനത്താൽ ഏത് നിമിഷവും ഇത് നിലംപതിച്ച് വലിയ അപകടത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.
കോളജിന് പിൻഭാഗത്തെ മതിൽ തകർന്ന് വഴി രൂപപ്പെട്ട നിലയിൽ
സമീപകാലത്ത് വിവിധ സ്ഥലങ്ങളിൽ മഴയെ തുടർന്ന് ചുറ്റുമതിലുകളും സംരക്ഷണഭിത്തികളും തകർന്നുവീണുണ്ടാകുന്ന അപകടങ്ങൾ പതിവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്രണ്ണൻ കോളേജിന് സമീപത്തെ മതിലിൻ്റെ അപകടാവസ്ഥ അധികൃതർ ഗൗരവമായി കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം മുൻകരുതൽ സ്വീകരിച്ച് ചുറ്റുമതിൽ അടിയന്തിരമായി ബലപ്പെടുത്തുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ പറയുന്നു.
സകൂൾ അധ്യയനം ആരംഭിച്ചതോടെ നിരവധി കൂട്ടികളും ഇത് വഴി ദിനംപ്രതി കാൽനടയായി കടന്ന് പോകുന്നുണ്ട്. സ്കൂൾ ബസുകളും ലൈൻ ബസുകളും ഉൾപ്പെടെ ഇത് വഴി സർവീസ് നടത്തുന്നുമുണ്ട്. അതിനാൽ രാവിലെയും വൈകിട്ടും യാത്രക്കാരുടെ എണ്ണവും വളരെ കൂടുതലാണ്.
വിദ്യാഭ്യാസ സ്ഥാപനവും ആരോഗ്യകേന്ദ്രവും കായികപരിശീലന കേന്ദ്രവും ഉൾപ്പെടുന്ന ജനത്തിരക്കേറിയ മേഖലയായതിനാൽ ഇവിടെ സുരക്ഷാ നടപടികൾ വൈകുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. മതിലിന്റെ അപകടാവസ്ഥ വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കൂടാതെ കോളേജിൻ്റെ പലഭാഗങ്ങളിലും ചുറ്റുമതിൽ തകർന്നിട്ടുണ്ട്. ഇവിടങ്ങളിലെ മതിലുകളും പുനർനിർമ്മിച്ച് ബലപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
പി.ടി. സനൽ കുമാർ
(ധർമടം ഗ്രാമ പഞ്ചായത്ത് മുൻ അംഗം)
കോളേജിൻ്റെ ഗേറ്റ് മാറ്റി സ്ഥാപിക്കാനും മോഡി പിടിപ്പിക്കാനും കോടികളാണ് ചിലവഴിച്ചത്. എന്നിട്ടും അപകടാവസ്ഥയിലുള്ള മതിൽ ബലപ്പെടുത്തുകയോ പുനർ നിർമ്മിക്കുകയോ ചെയ്തില്ല. ജനങ്ങളുടെ ജീവന് വില നൽകാതെയുള്ള അധികൃതരുടെ മൗനം വെടിയണം. പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി വേണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ