പ്രായത്തെ തോൽപ്പിച്ച് വയോജനങ്ങളുടെ കലാവിരുന്ന്



"നായീന്റെ വാൽ" എന്ന ലഘുനാടകത്തിൽ നിന്ന്

പിണറായി: പ്രായം വെറും സംഖ്യ മാത്രമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് പാറപ്രം എ.കെ.ജി വായനശാല വയോജന വേദിയുടെ 41-ാം വയോജന സംഗമം ശ്രദ്ധേയമായി. കലാപരിപാടികളും സാമൂഹിക സന്ദേശങ്ങളും നിറഞ്ഞ സംഗമം അംഗങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ട് വേറിട്ട അനുഭവമായി.

ബാലസംഘം വേനൽത്തുമ്പിയുടെ പരിശീലകനും രംഗകലാകാരനുമായ അഴീക്കോടൻ ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ബീന സത്യപാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.വി. രമേശൻ എന്നിവർ മുഖ്യാതിഥികളായി. വായനശാല സെക്രട്ടറി വി.വി. ദിനേശൻ സ്വാഗതം പറഞ്ഞു.
സംഗമത്തിന്റെ പ്രധാന ആകർഷണമായത് വയോജനങ്ങൾ അവതരിപ്പിച്ച "നായീന്റെ വാൽ" എന്ന ലഘുനാടകമായിരുന്നു. പി.കെ. നാരായണൻ രചിച്ച് സംവിധാനം ചെയ്ത നാടകം സമൂഹത്തിലെ ചില വിരോധാഭാസങ്ങളെ നർമ്മത്തിന്റെ ചുവയോടെ അവതരിപ്പിച്ചു. വയോജന വേദി അംഗങ്ങളായ ശശികല മുരളീധരൻ, ലീല ധർമൻ, ശാർങ്ങാധരൻ, പ്രീത ശാർങ്ങാധരൻ, വി. ബീന എന്നിവർ കഥാപാത്രങ്ങളായി വേഷമിട്ടു. സാമൂഹിക പ്രസക്തിയും ഹാസ്യവും സമന്വയിപ്പിച്ച അവതരണം പ്രേക്ഷകരുടെ കൈയടി നേടി.
തുടർന്ന് സാമൂഹ്യ പ്രവർത്തക ബീന സത്യപാലൻ അവതരിപ്പിച്ച സിനിമാഗാനത്തിനൊപ്പമുള്ള നൃത്താവിഷ്കാരം സദസിനെ ആകർഷിച്ചു. വായനശാല സെക്രട്ടറി വി.വി. ദിനേശന്റെ മാതാവിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ദിനേശനും സഹോദരങ്ങളും ചേർന്ന് സംഗമത്തിൽ പങ്കെടുത്തവർക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.

അംഗങ്ങളുടെ ഗാനാലാപനവും സംഘനൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളോടെ സംഗമം സമാപിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ