പിണറായി:
ഉജ്വലബാല്യ പുരസ്കാര ജേതാവും ബാലചിത്രകലാ പ്രതിഭയുമായ നീരവ് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നുനൽകുന്ന വ്യത്യസ്തമായ ചിത്ര രചനയുമായി ശ്രദ്ധേയനാകുന്നു. ‘ഇലകൾ നിറഞ്ഞ ആകാശം’ എന്ന പുസ്തകം ആയിരം വ്യത്യസ്ത കവറുകളോടെയാണ് നീരവ് ഒരുക്കുന്നത്. ഓരോ കോപ്പിക്കും പ്രത്യേകം കവർ ചിത്രം ഒരുക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
വാട്ടർ കളർ, ക്രയോൺസ്, പോസ്റ്റർ കളർ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ച് വരച്ച ആയിരത്തോളം ചിത്രങ്ങളാണ് പുസ്തകത്തിന്റെ കവറുകളായി ഉപയോഗിക്കുന്നത്. പരിസ്ഥിതിയോടുള്ള കരുതലും പ്രകൃതിസ്നേഹവും കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം തയ്യാറാക്കുന്നത്.
കോട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ നീരവ് കോവിഡ് കാലത്താണ് ചിത്രരചനയിലേക്ക് കടന്നുവന്നത്. ചെറുപ്രായത്തിൽ തന്നെ അസാധാരണമായ കഴിവ് പ്രകടിപ്പിച്ച നീരവ് പത്താം വയസിനുള്ളിൽ ഏഴായിരത്തിലധികം ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയിരുന്നു.
അന്താരാഷ്ട്രതലത്തിൽ ഒരു പുരസ്കാരവും ദേശീയതലത്തിൽ രണ്ട് പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം നീരവിനെ തേടിയെത്തിയിട്ടുണ്ട്. കൊച്ചിൻ ബിനാലെയിലെ ചിൽഡ്രൻസ് വിഭാഗത്തിൽ അവതരിപ്പിച്ച ‘കറുത്ത നഗരം’ എന്ന ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഔപചാരികമായി ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും നിരവധി ബാലസാഹിത്യ കൃതികൾക്ക് കവർ ചിത്രങ്ങൾ ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഈ ബാലചിത്രകാരൻ. ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടിയുടെയും റവന്യൂ ഉദ്യോഗസ്ഥ സുനിതയുടെയും മകനായ നീരവ്, തന്റെ പുതിയ സംരംഭത്തിലൂടെ കലയും പരിസ്ഥിതി ബോധവത്കരണവും ഒരുമിപ്പിക്കുന്ന മാതൃക സൃഷ്ടിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ