കൊടുവള്ളിയിൽ വ്യക്തതയില്ലാതെ ഡിവൈഡർ: വില്ലനായി വെളിച്ചക്കുറവും


ധർമടം: 
കൊടുവള്ളി റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിൽ അപകടക്കെണിയൊരുക്കി പൊതുമരാമത്ത് വിഭാഗം സ്ഥാപിച്ച ഡിവൈഡർ. പിണറായി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ദേശിയപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിച്ച് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത്. കൊടുവള്ളി റെയിൽവേ ഗേറ്റിലെ ഗതാഗത കുരക്ക് ഒഴിവാക്കാൻ മേൽപ്പാലം വേണമെന്ന് ആവശ്യം യാഥാർത്ഥ്യമായിട്ട് എട്ട് മാസം പൂർത്തിയാകുന്നു. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡര്‍ ഇപ്പോൾ ആണ് വില്ലൻ ആവുന്നത്.

മേൽപാലത്തിൽ നിന്ന് ദേശിയ പാതയിലിറങ്ങി കണ്ണൂർ, തലശേരി ഭാഗത്തേക്ക് പോകുന്നവർക്കും തിരിച്ച് ഇരുവശങ്ങളിൽ നിന്നും വന്ന് മേൽപാലം വഴി പോകണ്ടവർക്കും നിരന്തരം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് അശാസ്ത്രീയമായി നിർമിച്ച ഈ ഡിവൈഡർ.
സ്ഥിര യാത്രക്കാർക്ക് പോലും ഏത് വശം ഉപയോഗിക്കണം എന്ന് പൂർണമായും നിശ്ചയമില്ല. ഇതിൻ്റെ പേരിൽ ഡ്രൈവർമാർ തമ്മിൽ ഇവിടെ തർക്കങ്ങളും പതിവാണ്. ഇതിനകം ഒന്നിലധികം വാഹനാപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഡിവൈഡർ നിർമാണത്തിലെ അശാസ്ത്രീയതയുമായി ബന്ധപ്പെട്ട് പാലം ഉദ്ഘാടനം കഴിഞ്ഞത് മുതൽ ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ആശങ്ക പരിഹരിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

തലശ്ശേരിയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇതുവഴിയാണ് കടന്നു പോകേണ്ടത്. അതിനാൽ രാത്രിയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ പാലം ആശ്രയിക്കുന്നത്. എന്നിട്ടും ഇവിടെ വെളിച്ചം സ്ഥാപിക്കാനും അധികൃതർ തയ്യാറായിട്ടില്ല. വെളിച്ചക്കുറവും അശാസ്ത്രീയ ഡിവൈഡർ നിർമാണവും ഏതു സമയവും ഇവിടെ അപകടം ക്ഷണിച്ചുവരുത്തും എന്ന സ്ഥിതിയാണ് ഉള്ളത്. ഡിവൈഡർ നിർമാണത്തിലെ ആശങ്ക പരിഹരിച്ച് ദിശ വ്യക്തമാക്കാനും വിളക്കുകാൽ സ്ഥാപിച്ച് വെളിച്ചം ലഭ്യമാക്കാനുള്ള നടപടി അധികൃതർ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും പക്ഷം.


Post a Comment

വളരെ പുതിയ വളരെ പഴയ