കലാസ്വാദകരെ ആകർഷിച്ച് 'കടവ്' ചിത്രപ്രദർശനം; ചിത്രവിൽപ്പനയും ആരംഭിച്ചു


കതിരൂർ പഞ്ചായത്ത് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച 'കടവ്' ചിത്രപ്രദർശനത്തിൽ നിന്ന്

തലശേരി:
ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരുടെ സൃഷ്ടികൾ ഒരുമിക്കുന്ന 'കടവ്' ചിത്രപ്രദർശനവും ചിത്രവിൽപ്പനയും കതിരൂർ പഞ്ചായത്ത് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. കണ്ണൂർ ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുകയാണ്.

ജില്ലയിലെ അറുപതിലധികം ചിത്രകാരന്മാർ കാളി ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച 'കടവ്' ചിത്രകലാ ക്യാമ്പിൽ സൃഷ്ടിച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ജലഗതാഗതവും നദീതീര ജീവിതവും പ്രകൃതിഭംഗിയും പ്രമേയമാക്കിയ നിരവധി ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലാകാരന്മാരുടെ സൃഷ്ടികൾ പൊതുജനങ്ങളിലെത്തിക്കുന്നതിനൊപ്പം അവരുടെ ക്ഷേമം മുൻനിർത്തി ചിത്രങ്ങളുടെ വിൽപ്പനയും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ 13 വരെ പ്രദർശനം തുടരും.

എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ കെ. ടി. ബാബുരാജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ വിനീഷ് മുദ്രിക വരച്ച ചിത്രം എം. കെ. രാജുവിന് കൈമാറി ആദ്യ വിൽപ്പന നിർവഹിച്ചു. ചടങ്ങിൽ പ്രമോദ് അടുത്തില അധ്യക്ഷത വഹിച്ചു.

കെ. എം. ശിവകൃഷ്ണൻ, പ്രദീപ് ചൊക്ലി, ശശികുമാർ കതിരൂർ, സുശാന്ത് കൊല്ലറയ്ക്കൽ, കെ. കെ. കുമാരൻ, കെ. പി. പ്രമോദ്, നിഷ ഭാസ്‌കർ എന്നിവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ