ചോമാടി–ഓണിവയൽ റോഡ്
ചോമാടി:
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചോമാടി– ഓണിവയൽ റോഡ് തകർന്നിട്ട് വർഷങ്ങൾ. നിലവിൽ റോഡിന്റെ പല ഭാഗങ്ങളും പൊട്ടി പൊളിഞ്ഞ നിലയിലാണ്. പലയിടത്തും റോഡിൽ ടാറിൻ്റെയോ ജെല്ലിയുടെയോ പൊടി പോലുമില്ല. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ വലയുന്നത് ഈ റോഡിനെ ആശ്രയിക്കുന്ന നൂറ് കണക്കിന് സാധാരണക്കാരാണ്. സ്കൂൾ വിദ്യാർഥികൾ, പ്രായമായവർ, തൊഴിലാളികൾ എന്നിവരുൾപ്പെടെ നിരവധി ആളുകളുടെ പ്രധാന ഗതാഗത മാർഗമാണ് ഈ റോഡ്. എന്നിട്ടും കാൽനട യാത്ര പോലും അതീവ ദുഷ്കരമാണ് ഈ പാതയിൽ. കൂടാതെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പലതവണ ബന്ധപ്പെട്ടവരോട് പരാതി ഉന്നയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമായതോടെ റോഡിലെ പൊട്ടി പൊളിഞ്ഞ ചാലിലൂടെ വെള്ളം ഒഴുകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ റോഡും കുഴിയും തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്.
ചോമാടി–ഓണിവയൽ റോഡിനോട് പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ