ചക്കയുടെ രുചിവൈവിധ്യം വിളിച്ചോതി വേങ്ങാട് കുടുംബശ്രീയുടെ ചക്ക ഫെസ്റ്റ്

ചക്കയുടെ രുചിവൈവിധ്യം വിളിച്ചോതി വേങ്ങാട് കുടുംബശ്രീയുടെ ചക്ക ഫെസ്റ്റ്
ചക്ക ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പിണറായി: തനത് ഭക്ഷ്യവിഭവങ്ങളുടെ പ്രചാരണത്തിനും ചക്ക അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കുന്നതിനുമായി വേങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി. വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ വൈവിധ്യമാർന്ന ചക്ക വിഭവങ്ങൾ ഫെസ്റ്റിനെ രുചിയുടെയും പുതുമയുടെയും വേദിയാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എൻ. വിജിന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. റീജ, പഞ്ചായത്ത് സെക്രട്ടറി പി. പ്രകാശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. മോഹനൻ, പി. രമ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുജാത എന്നിവർ സംസാരിച്ചു.

ചക്ക ഉപയോഗിച്ച് തയ്യാറാക്കിയ 50-ലധികം വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിക്കുകയും രുചിക്കായി ഒരുക്കുകയും ചെയ്തത്. വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകൾ അവതരിപ്പിച്ച വിഭവങ്ങൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മേളകൾ സഹായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മെമ്പർ സെക്രട്ടറി യു.വി. ബിന്ദു സ്വാഗതവും അഗ്രി സി.ആർ.പി ഷീന നന്ദിയും പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ