വെളിച്ചം പകരാൻ എൽ.ഇ.ഡി ബൾബുകൾ, ഭാവി തെളിയിക്കാൻ പഠനകിറ്റുകൾ; കണ്ണാടിമുക്കിൽ വ്യത്യസ്ത പദ്ധതിയുമായി സി.പി.എം ബ്രാഞ്ച് കമ്മിറ്റി


പഠനകിറ്റ് വിതരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി.എം. അഖിൽ ഉദ്ഘാടനം ചെയ്യുന്നു

പിണറായി: ഊർജ സംരക്ഷണവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ട് സിപിഐഎം കണ്ണാടിമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഊർജ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലേക്കും എൽഇഡി ബൾബുകൾ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷെർളി നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള പഠനകിറ്റ് വിതരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വി.വി. രമേശൻ അനുമോദിച്ചു.
എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം സി.പി. ലോഹിതാക്ഷൻ സംസാരിച്ചു. കെ.കെ. ഷിനോയ് സ്വാഗതവും കെ. ഗോകുൽ നന്ദിയും രേഖപ്പെടുത്തി.

ഊർജ സംരക്ഷണം ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി അഞ്ചുമരം പദ്ധതി, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിൻ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ശുചിത്വ സുന്ദര ഗ്രാമം പദ്ധതി തുടങ്ങിയ വൈവിധ്യമാർന്ന ജനകീയ ഇടപെടലുകൾ സംഘടിപ്പിച്ച് കണ്ണാടിമുക്ക് ബ്രാഞ്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചുവരുന്നത്.
സാമൂഹിക പുരോഗതിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ പ്രദേശവാസികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിരിക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ