ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടിക്കെതിരെ കർശന നടപടിയുമായി യു.ജി.സി

ന്യൂഡൽഹി: ഗവേഷണപ്രബന്ധങ്ങളിലെ കോപ്പിയടിയും നിർമിതബുദ്ധി (AI) ഉപകരണങ്ങളുടെ ദുരുപയോഗവും നിയന്ത്രിക്കാൻ കർശന നടപടികളുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) രംഗത്ത്. മൗലികതയില്ലാത്ത ഗവേഷണപ്രബന്ധങ്ങൾ സമർപ്പിക്കുന്ന ഗവേഷകർക്കും മേൽനോട്ടം വഹിക്കുന്ന അധ്യാപകർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് യു.ജി.സി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗം ഗവേഷണത്തിന്റെ വിശ്വാസ്യതയെയും അക്കാദമിക മൗലികതയെയും ബാധിക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ. 10 മുതൽ 40 ശതമാനം വരെ കോപ്പിയടി കണ്ടെത്തുന്ന പ്രബന്ധങ്ങൾ ആറുമാസത്തിനകം തിരുത്തി വീണ്ടും സമർപ്പിക്കണം. ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതുവരെ ഇത്തരം പ്രബന്ധങ്ങളുടെ മൂല്യനിർണയം നടത്തില്ല.

40 മുതൽ 60 ശതമാനം വരെ കോപ്പിയടി കണ്ടെത്തുന്ന സാഹചര്യത്തിൽ ഗവേഷകർക്കു ഒരു വർഷത്തേക്ക് പ്രബന്ധം സമർപ്പിക്കുന്നതിൽ വിലക്കേർപ്പെടുത്തും. കൂടാതെ, ബന്ധപ്പെട്ട മേൽനോട്ടക്കാർക്ക് രണ്ട് വർഷം വരെ പുതിയ ഗവേഷക വിദ്യാർഥികളെ സ്വീകരിക്കുന്നതിൽ നിയന്ത്രണവും നേരിടേണ്ടി വരാം.
60 ശതമാനത്തിലധികം കോപ്പിയടി കണ്ടെത്തുന്ന പ്രബന്ധങ്ങളുടെ കാര്യത്തിൽ ഗവേഷകന്റെ രജിസ്ട്രേഷൻ തന്നെ റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളാണ് നിർദേശിച്ചിരിക്കുന്നത്. ഗണ്യമായതോ ആവർത്തിച്ചുള്ളതോ ആയ കോപ്പിയടി കണ്ടെത്തിയാൽ മേൽനോട്ടം വഹിച്ച അധ്യാപകർക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കും. അവരുടെ ഗവേഷണ ഗൈഡ് പദവി പിൻവലിക്കുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ട്.

ഗവേഷണരംഗത്തെ സുതാര്യതയും നിലവാരവും ഉറപ്പാക്കുന്നതിനായി എല്ലാ ഗവേഷണപ്രബന്ധങ്ങളും ശോധ്ഗംഗ ഡിജിറ്റൽ ശേഖരത്തിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നും യു.ജി.സി. നിർദേശിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Post a Comment

വളരെ പുതിയ വളരെ പഴയ