ധർമടം റെയിൽവേ സ്റ്റേഷൻ വികസനം, ദുരിതത്തിലായി അഞ്ച് കുടുംബങ്ങൾ


ഒന്നാം പ്ലാറ്റ്ഫോമിന് പിറകുവശം മണ്ണിട്ട് ഉയർത്തിയ നിലയിൽ. താഴ്ന്ന പ്രദേശത്തെ വീടും കാണാം.

ധർമടത്ത് വെള്ളക്കെട്ട് ഭീഷണിയിൽ പ്രദേശവാസികൾ

ധർമടം: വർഷങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു ധർമടം റെയിൽവേ സ്റ്റേഷൻ വികസനം. പതിറ്റാണ്ടുകളുടെ ആവശ്യം ഏതാണ്ട് തൊണ്ണൂറ് ശതമാനവും പൂർത്തിയായി. അവസാനഘട്ട മിനുക്ക് പണികൾ മാത്രമാണ് ബാക്കി. എന്നാൽ വികസനം വിനയായത് സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന് പിറകുവശത്തായി താമസിക്കുന്ന അഞ്ചോളം കുടുംബങ്ങൾക്കാണ്. വീട്ടിലേക്കും പുറത്തേക്കും കാൽനടയാണ് ഇവരുടെ പ്രധാന യാത്ര മാർഗ്ഗം. ശക്തമായ ഒരു മഴ പെയ്താൽ വീടിന്റെ തറ നിരപ്പിൽ വെള്ളക്കെട്ട് ഉണ്ടാകുന്നു. വെള്ളം കയറിയാൽ കാൽനടയാത്ര ദുഷ്കരമാകും. വിഷ ജീവികൾ ഉൾപ്പെടെയുള്ള ഇഴ ജന്തുക്കളുടെ ഭീഷണിയും ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്.
വികസന പ്രവർത്തനം പുരോഗമിക്കുന്ന ധർമ്മടം റെയിൽവേ സ്റ്റേഷൻ

റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സംരക്ഷണഭിത്തി ഒരുക്കുന്നതിനായി ഇവിടെ വലിയ തോതിൽ മണ്ണ് ഇറക്കിയിരുന്നു. ഇതാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായത്. മഴക്കാലത്തെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി മണ്ണിട്ടതിന്റെ ദുരിതം പേറുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ മഴ പെയ്ത് ഇവിടം വെള്ളത്തിനടിയിൽ ആയിരുന്നു. അന്ന് റെയിൽവേ അധികൃതർ ഇടപെട്ട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് താൽക്കാലിക ചാൽ കീറിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. താൽക്കാലിക സംവിധാനത്തിന് പകരം ഓവുചാല്‍ നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി മുറിച്ച കൂറ്റൻ മരവും പ്രദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്. ഇതിനു ചുറ്റും കാട് മൂടിയ നിലയിലാണ്. ഇത് ഇവിടുന്ന് നീക്കം ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

വെള്ളക്കെട്ട് പ്രശ്നം റെയിൽവേയുടെ ശ്രദ്ധയിൽ ഉണ്ടെന്നും ഓവുചാല്‍ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിച്ചതായും അധികൃതർ 'മാതൃഭൂമി'യോട് പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷനിൽ സമർപ്പിച്ച പ്രൊപ്പോസൽ പ്രകാരം അനുമതി ലഭിച്ചാൽ ഓവുചാല്‍ നിർമ്മാണം ആരംഭിക്കും. അതിനുമുമ്പ് മഴവെള്ളം കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പക്ഷം മുമ്പ് ചെയ്തതുപോലെ താൽക്കാലിക പരിഹാരം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. 

ടി. കമല 
(രാധാ നിവാസ്, പ്രദേശവാസി)
മഴ ആരംഭിച്ചതോടെ ഭയപ്പാടിലാണ് ഓരോ നിമിഷവും കഴിയുന്നത്. വെള്ളം കയറിയാൽ വിഷ ജീവികളും മറ്റും വീട്ടിനകത്തേക്ക് വരുമോ എന്ന ഭയമുണ്ട്. കാൽനട യാത്രയും ദുഷ്കരമാകും. ഓവ് ചാൽ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം. 


Post a Comment

വളരെ പുതിയ വളരെ പഴയ