സെക്രട്ടറിയില്ലാത്ത ധർമടം പഞ്ചായത്ത്; നടപടികൾ വൈകുന്നതായി ആക്ഷേപം

ധർമടം ഗ്രാമപഞ്ചായത്ത് കാര്യാലയം

ധർമടം: ധർമടം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറി തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് ഭരണനിർവഹണത്തെ സാരമായി ബാധിക്കുന്നു. നിലവിലുണ്ടായിരുന്ന സെക്രട്ടറി വിരമിച്ചതിനെ തുടർന്നാണ് സെക്രട്ടറി കസേര അനാഥമായത്. സംസ്ഥാന സർക്കാറാണ് സെക്രട്ടറിയെ നിയമിക്കേണ്ടത്. വിഷയം പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പുതിയ സെക്രട്ടറിയെ നിയമിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

പഞ്ചായത്തിന്റെ ദൈനംദിന ഭരണകാര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നിർണായകമായ സെക്രട്ടറിയുടെ അഭാവം വിവിധ നടപടിക്രമങ്ങളിൽ കാലതാമസത്തിന് ഇടയാക്കുന്നുവെന്നാണ് ആക്ഷേപം. നിലവിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഗ്രാമസഭകൾ പുരോഗമിക്കുകയാണ്. വാർഷിക പദ്ധതികൾ രൂപീകരിച്ച് അവയ്ക്ക് ഭരണാനുമതിയും സാങ്കേതിക അംഗീകാരവും ലഭ്യമാക്കേണ്ട നിർണായക ഘട്ടത്തിലാണ് പഞ്ചായത്ത്. ഈ സാഹചര്യത്തിൽ സെക്രട്ടറി ഇല്ലാത്തത് പദ്ധതിനിർവഹണ നടപടികൾ മന്ദഗതിയിലാക്കുകയും വികസന പ്രവർത്തനങ്ങളുടെ സമയബന്ധിത നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആശങ്കപ്പെടുന്നു. 

പഞ്ചായത്തിലെ ഫയൽ നടപടികൾ, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, സർക്കാർ പദ്ധതികളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങളിലും സെക്രട്ടറിയുടെ അഭാവം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ അസി. സെക്രട്ടറിക്കാണ് സെക്രട്ടറിയുടെ അധിക ചുമതല. ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി എത്രയും വേഗം സ്ഥിരം സെക്രട്ടറിയെ നിയമിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

Post a Comment

വളരെ പുതിയ വളരെ പഴയ