ബസ് ഷെൽട്ടർ ഇല്ലാത്ത മേലൂർ ജംഗ്ഷൻ.
ധർമടം: മേലൂർ ജംഗ്ഷനിൽ തലശ്ശേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അഭാവം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന പ്രധാന ബസ് ഹാൾട്ട് സ്റ്റോപ്പായിട്ടും വർഷങ്ങളായി ഇവിടെ ബസ് ഷെൽട്ടർ സ്ഥാപിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മേലൂർ ജംഗ്ഷനിൽ നിന്ന് കൂടാതെ തലശ്ശേരി ഭാഗത്തേക്ക് കണ്ണൂർ, ചാലോട് എന്നിവിടങ്ങളിൽ നിന്നും ഇത് വഴി ബസ് സർവീസ് ഉണ്ട്. പ്രധാന സ്റ്റോപ്പ് ആയിട്ടും യാത്രക്കാർ ഇവിടെ പൊരിവെയിലത്തും മഴയിലു കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
മഴക്കാലം ശക്തമാകുന്നതോടെ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയിലാണ് ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നവർ. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികളും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പെട്ടെന്ന് മഴ പെയ്താൽ നനയുകയല്ലാതെ അഭയം തേടാൻ സമീപത്ത് കടവരാന്തകൾ പോലും ഇല്ല. ദിനംപ്രതി ജോലി, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാർ, രോഗബാധിതർ, കുട്ടികൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. മേലൂർ–തലശ്ശേരി റൂട്ടിലെ പ്രധാന ബസ് സ്റ്റോപ്പായ ഇവിടെ യാത്രക്കാരുടെ എണ്ണവും ഗണ്യമാണ്.
യാത്രക്കാരുടെ ദീർഘകാല ആവശ്യത്തെ തുടർന്ന് കഴിഞ്ഞ സർക്കാർ മേലൂർ ജംഗ്ഷനിൽ ബസ് ഷെൽട്ടർ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. റോഡരികിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷെൽട്ടറിനായി തറക്കല്ലിടുകയും ചെയ്തു. എന്നാൽ തുടർന്നുണ്ടായ കോടതി വ്യവഹാരം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. ഷെൽട്ടർ നിർമ്മാണത്തിനായി തന്റെ ഭൂമി കൈയേറിയതായും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും ആരോപിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് നിർമ്മാണം പ്രതിസന്ധിയിലായത്. ഹർജിയിൽ താൽക്കാലികമായി നിർമ്മാണം നിർത്തി തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയായിരുന്നു.
ബസ് ഷെൽട്ടറിനായി തറ കെട്ടിയ സ്ഥലത്ത് കാട് കയറിയ നിലയിൽ
മേലൂർ ജംഗ്ഷൻ വികസനം നടത്തുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ ഇവിടെയുണ്ടായിരുന്ന റോഡിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് തെളിവായി പഴയ റോഡിൽ സ്ഥാപിച്ച മൈൽ കുറ്റിയും ടെലിഫോൺ പോസ്റ്റും ഇവർ ചൂണ്ടിക്കാട്ടുന്നു. കോടതി നടപടികളും നിയമപരമായ സങ്കീർണതകളും കാരണം ദുരിതമനുഭവിക്കുന്നത് തങ്ങളാണെന്നാണ് നാട്ടുകാരുടെ പക്ഷം. ആക്ഷേപമുന്നയിച്ച സ്ഥലം ഉടമയും ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ചർച്ച ചെയ്ത് പ്രശ്നം അടിയന്തിരമായി പരിഹരിക്കമെന്നും ബസ് ഷെൽട്ടർ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ