കെ.എസ്.ആര്‍.ടി.സിയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ബസ്സില്‍ കയറും മുൻപ് ഈ ഏഴ് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!


കേരളത്തില്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കുകയാണ്.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങളും നിബന്ധനകളും കെ.എസ്.ആർ.ടി.സി പുറത്തുവിട്ടു.

ജൂണ്‍ 15 ന് രാവിലെ 8.30 ന് തമ്പാനൂർ ബസ് ടെർമിനലില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതല്‍ മാത്രമായിരിക്കും സ്ത്രീകള്‍ക്ക് സൗജന്യ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങുക. അതിനു മുൻപ് ബസ്സില്‍ കയറുന്നവർക്ക് സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെയുള്ളവർ ആദ്യ സർവീസില്‍ കുറച്ചു ദൂരം യാത്ര ചെയ്യും.

പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ തന്നെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ 3,125 ഓർഡിനറി ബസ്സുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ഗ്രാന്റായി പണം നല്‍കും. ഇതിനായി പ്രതിദിനം ഏകദേശം രണ്ടു കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

യാത്രക്കാർ അറിയേണ്ട പ്രധാന നിർദ്ദേശങ്ങള്‍:

1. സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്നത് പോലെ ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോട് പറഞ്ഞ് '0' (പൂജ്യം) ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
2. ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലും അല്ലെങ്കില്‍ ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണമെങ്കിലും ആ വിവരം കൃത്യമായി കണ്ടക്ടറെ അറിയിക്കേണ്ടതാണ്.
3. സ്ത്രീകളുടെ കൂടെ 5 മുതല്‍ 11 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവർക്ക് പണം നല്‍കി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
4. പുരുഷന്മാർ കൂടെയുണ്ടെങ്കില്‍ ആ കാര്യം കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് എടുക്കണം.
5. പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍, കൂടെ വനിതകള്‍ ഉണ്ടെന്ന കാര്യം ടിക്കറ്റ് മെഷീനില്‍ എൻ്റർ ചെയ്യുന്നതിനു മുൻപ് തന്നെ കണ്ടക്ടറോട് പറയണം.
6. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഓർഡിനറി ബസ്സുകളില്‍ ഉള്ളതുപോലെ 15 കിലോ വരെയുള്ള ലഗേജ് യാത്ര തികച്ചും സൗജന്യമായിരിക്കും.
7. സ്ത്രീകള്‍ക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകള്‍ തിരിച്ചറിയുന്നതിനായി ബസ്സുകളില്‍ 'പ്രിയദർശിനി' എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.

സൗജന്യ യാത്ര ലഭിക്കുന്ന ബസ്സുകള്‍:

സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ, ടൗണ്‍ ടു ടൗണ്‍ എന്നിങ്ങനെ ഏഴ് വിഭാഗം ബസ്സുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകുക.

സൗജന്യ യാത്ര ലഭിക്കാത്ത സർവീസുകള്‍:

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകള്‍ മുതല്‍ മുകളിലോട്ടുള്ള മറ്റെല്ലാ സൂപ്പർ ക്ലാസ് സർവീസുകള്‍, ഉത്സവകാല സ്പെഷ്യല്‍ സർവീസുകള്‍, വീക്ക് എൻഡ് അഡീഷണല്‍ സർവീസുകള്‍, ബി.ടി.സി സർവീസുകള്‍, ചാർട്ടേർഡ് ട്രിപ്പുകള്‍ എന്നിവയില്‍ സൗജന്യ യാത്രാ ആനുകൂല്യം അനുവദനീയമല്ല.

Post a Comment

വളരെ പുതിയ വളരെ പഴയ