ഇരുട്ട് മറയാക്കി സാമൂഹ്യ വിരുദ്ധർ; മാലിന്യം തള്ളുന്നത് പതിവ്


മമ്മാക്കുന്ന് പാലത്തിന് സമീപം റോഡിൽ മാലിന്യം തള്ളിയ നിലയിൽ

ധർമടം
മമ്മാക്കുന്ന് പാലത്തിനു സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. മേലൂരിൽ നിന്ന് കാടാച്ചിറ ഭാഗത്തേക്ക് പോകുന്ന വഴിയിൽ മമ്മാക്കുന്ന് പാലമെത്തുന്നതിന് തൊട്ട് മുൻപുള്ള സ്ഥലത്താണ് മാലിന്യങ്ങൾ തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങൾ, അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് നിരന്തരം ഇവിടെ നിക്ഷേപിക്കുന്നത്. രാത്രി വൈകിയാൽ ഇതുവഴിയുള്ള ആൾപെരുമാറ്റം കുറവാണ്. ഇവിടെ റോഡിന് ഇരുവശവും കാടു മൂടി കിടക്കുന്നതും വെളിച്ചക്കുറവും സാമൂഹ്യവിരുദ്ധർക്ക് മാലിന്യം തള്ളുന്നതിന് അനുകൂല സാഹചര്യമുണ്ട്. വലിയ ചാക്കുകളിൽ മാലിന്യങ്ങൾ കൊണ്ട് നിക്ഷേപിക്കുന്നതും അതുപോലെ ഓടുന്ന വാഹനങ്ങൾ നിന്ന് ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാണ്. അറവ് മാലിന്യങ്ങളും ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും ഭക്ഷിക്കുന്നതിന് തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ളവ കൂട്ടമായി ഇവിടെ എത്തുന്നുണ്ട്. കൂടാതെ അവശിഷ്ടങ്ങൾ റോഡിൽ കിടന്ന് പരിസരമാകെ ദുർഗന്ധം വമിക്കാനും കാരണമാകുന്നുണ്ട്.
ധർമടം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോർഡ്

കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഉൾപ്പെടെ മൂക്ക് പൊത്തി അല്ലാതെ ഇതുവഴി നടക്കാനാവില്ല. ഇവിടങ്ങളിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കാരണം തൊട്ടടുത്തുള്ള മമ്മാക്കുന്ന് പുഴയും മലിനമാകുന്നുണ്ട്. പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയാൻ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ധർമടം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് അല്ലാതെ മറ്റ് നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്ന് ഇവിടെ നിരീക്ഷണ ക്യാമറകളും തെരുവ് വിളക്കും സ്ഥാപിക്കണമെന്നും കാടുമൂടിയ പ്രദേശം വെട്ടിത്തെളിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

വളരെ പുതിയ വളരെ പഴയ