എന്താണ് ഷിഗെല്ല അണുബാധ?..ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം



എന്താണ് ഷിഗെല്ല അണുബാധ?

ഷിഗെല്ല അണുബാധ അല്ലെങ്കിൽ ഷിഗെല്ലോസിസ് എന്നാൽ ദഹനവ്യവസ്ഥയെ പ്രത്യേകിച്ച് കുടലുകളെ ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. ഷിഗെല്ല എന്നറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയയാണ് ഇത് ഉണ്ടാക്കുന്നത്. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് വയറിളക്കത്തിന് കാരണമാകും. ഇതൊരു പകർച്ചവ്യാധിയാണ്. ഇത് കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകാം. എന്നിരുന്നാലും കുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നത്. ഒരോ ആളുകളിലും കാണുന്ന അണുബാധയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകാം. മിതമായ ഷിഗെല്ലോസിസിന് വൈദ്യചികിത്സ പോലും ആവശ്യമില്ല. എന്നിരുന്നാലും, മൂന്ന് ദിവസത്തിനുള്ളിൽ മാറാത്ത കഠിനമായ വയറിളക്കം ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

ലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം:

•കടുത്ത പനിയോടുകൂടിയ വയറിളക്കം.
•മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക.
•കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടുത്തവും.
•ഓക്കാനം, ഛർദ്ദി.
•കടുത്ത ക്ഷീണം, ശരീരവേദന.
•എപ്പോഴും മലവിസർജ്ജനം നടത്താനുള്ള അമിതമായ തോന്നൽ.

പകരുന്ന വിധം

രോഗാണുക്കൾ അടങ്ങിയ
മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. രോഗിയുടെ വിസർജ്യത്തിൽ
നിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിൽ എത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം.
തുറസ്സായ സ്ഥലങ്ങളിലെ വിസർജ്ജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.

പ്രതിരോധ മാർഗങ്ങൾ

•ആഹാരം പാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിക്കുന്നതിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

•തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

•ഭക്ഷണം എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കുക.

•പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

•രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

•രോഗികൾക്ക് പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കുക.

•രോഗലക്ഷണങ്ങളുള്ള ആളുകളുടെ വ്യക്തിഗത സാധനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക

•കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായ രീതിയിൽ മാത്രം സംസ്കരിക്കുക.

•വ്യക്തിശുചിത്വവും ഭക്ഷണ-കുടിവെള്ള ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക.

•കുട്ടികളിലും വയോജനങ്ങളിലും നിർജലീകരണം പ്രധാന അപകടസാധ്യതയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ