സധൈര്യം ഓടാം ചാടാം;സിന്തറ്റിക് ട്രാക്ക് ശുചീകരിച്ച് വാക്മേറ്റ്സ്



ധർമടം: കാടുമൂടി കിടന്നിരുന്ന സിന്തറ്റിക്ക് ട്രാക്കും പരിസരവും വൃത്തിയാക്കി കൂട്ടായ്മ. നാളുകളായി കാട് മൂടിയ നിലയിലായിരുന്ന സിന്തറ്റിക്ക് ട്രാക്കിനാണ് പുതു വെളിച്ചം വീണത്. പ്രഭാത സവാരിക്കാരുടെ നേതൃത്വത്തിൽ രൂപികരിച്ച വാക്ക് മേറ്റ്സ് എന്ന കൂട്ടായ്മയാണ് കാട് വെട്ടിത്തെളിച്ചും മറ്റും ട്രാക്ക് വൃത്തിയാക്കിയത്. ഗവ. ബ്രണ്ണൻ കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന സിന്തറ്റിക് ട്രാക്ക്, ബ്രണ്ണൻ കോളേജ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കായിക താരങ്ങളുടെ പരിശീലന കേന്ദ്രമാണ്. എന്നാൽ ചുറ്റും കാടുകയറിയതും ഇഴജന്തുക്കളുടെയും മറ്റും സാനിധ്യവും വിവിധ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന കായിക താരങ്ങൾക്ക് സുഗമമായ പരിശീലനത്തിന് വെല്ലുവിളിയായിരുന്നു. അതോടെപ്പം ഈ പ്രദേശം തെരുവുനായ്ക്കളുടെ കേന്ദ്രവുമായതോടെ കായിക താരങ്ങളും പ്രദേശവാസികളും വലിയ ഭീതിയിലായിരുന്നു. പ്രഭാത വ്യായാമവും ഇവിടെ ദുഷ്കരമായിരുന്നു. എന്നാൽ കാടുമൂടിയ ട്രാക്ക് വെട്ടിതെളിച്ച് ശുചീകരിച്ചതോടെ കായിക താരങ്ങൾക്ക് ഭയപ്പെടാതെ ഇനി പരിശീലനം നടത്താനും പ്രഭാത സവാരിക്കാർക്ക് സധൈര്യം വ്യായാമം ചെയ്യാനും സാധിക്കും. ട്രാക്കിന് ഉൾവശം പൂർണമായും പിറകുവശം ഭാഗികമായും ആണ് നിലവിൽ വൃത്തിയാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ബാക്കിയുള്ളവ കൂടി വൃത്തിയാക്കി ട്രാക്കിൻ്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വാക്മേറ്റ്സ് കൂട്ടായ്മ. കൂട്ടായ്മയുടെ ഭാഗമായ വി. മുകുന്ദൻ, വി. പ്രഭാകരൻ, സി. സുരേഷ്, കെ. ശ്രീജേഷ് എന്നിവരുടെ സംഘമാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.
കാടുമൂടി കിടന്ന് ഇഴ ജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും കേന്ദ്രമായിരുന്ന ഇവിടെ വൻ തോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തിരുന്നതും പ്രദേശവാസികളെ ആകെ ദുരിതത്തിലാക്കിയിരുന്നു. രാത്രിയിലെ വെളിച്ച കുറവും നിരീക്ഷണ ക്യാമറകളുടെ അഭാവവും മാലിന്യങ്ങൾ തള്ളാൻ കാരണമാകുന്നുണ്ട്. അതിനാൽ കൃത്യമായ രീതിയിലുള്ള കാമറ സംവിധാനങ്ങളും മാലിന്യ സംസ്ക്കരണ സംവിധാനങ്ങളും ഏർപ്പെടുത്തി സിന്തറ്റിക്ക് ട്രാക്കിനെ സുഗമമായ പരിശീലനത്തിന് ഉതകുന്ന രീതിയിൽ പരിപാലിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. അധികൃതരുടെ ഭാഗത്തു നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാവണം എന്നും മാലിന്യങ്ങൾ നിക്ഷേപിക്കാതെ ട്രാക്കിനെ സംരക്ഷിച്ച് നിലനിർത്തണമെന്നും ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ