ഭക്ഷണ വൈവിധ്യങ്ങൾക്കിടയിലെ തനി നാടൻ രുചി

താഴെചൊവ്വ, കണ്ണൂർ 
രുചി വൈവിധ്യങ്ങളുടെ ഈ പുതിയ കാലത്ത് പഴമ ഒരുക്കി കണ്ണൂർ താഴെചൊവ്വയിലെ കാപ്പികട. പല നാടുകളിൽ നിന്ന് കുടിയേറി വന്ന വിവിധ ഭക്ഷണ വിഭവങ്ങൾ ഇന്ന് നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. വിദേശ ഭക്ഷണങ്ങളെ എന്തുവിലകൊടുത്തും കൈയെത്തിപ്പിടിക്കുന്നവരാണ് പുതിയ തലമുറ. പുത്തൽ ഭക്ഷണ പാരമ്പര്യങ്ങൾ പിന്തുടരുന്നത് സംസ്കാരമായി കണക്കാക്കുന്നവർക്കിടയിൽ നിന്നും പഴമയെ തേടി എത്തുന്നവരും ഉണ്ട്. അങ്ങനെ പഴമയിൽ ചാലിച്ച കപ്പ വിളമ്പുകയാണ് കണ്ണൂർ താഴെ ചൊവ്വയിലുള്ള കറുവേട്ടൻ്റെ കാപ്പി കട. 

നമ്മുടെ നാട്ടിലെ ഭക്ഷണ വിഭവമായ കപ്പയും കാപ്പിയും കഞ്ഞിയും ഒക്കെ കുറഞ്ഞ വിലയ്ക്ക് നൽകി വരുന്നു. പുത്തൻ വിദേശ ഭക്ഷണ വിഭവങ്ങൾ ഇത്ര സുലഭമല്ലാത്ത ഒരു കാലത്തെ സ്ഥിര ഭക്ഷണമായിരുന്നു ഇതൊക്കെ. അന്നിതിനും ഈ കടക്കും അത്ര കൗതുകമുണ്ടായിരുന്നില്ല. എന്നാൽ 80 കൊല്ലമായി നടത്തിവരുന്ന ഈ കട പുതിയ ഭക്ഷണ സംസ്കാരങ്ങൾക്ക് ഇടയിലെ പഴയ രുചി പെരുമയാണ്. ഇന്ന് ഈ നാടൻ തനിമ തേടി എത്തുന്നത് നിരവധി ആളുകളാണ്. എല്ലാ കടകളിലും നാടൻ ഭക്ഷണങ്ങൾക്ക് ഒപ്പം തന്നെ വിദേശ ഭക്ഷണങ്ങളും ഒരുക്കുന്ന ഒരു കാലത്ത് വൈവിധ്യമായി മാറുകയാണ് ഈ കാപ്പികട. ഇവിടെത്തിയാൽ കച്ചവടത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ അളവ് തൂക്കാനുപയോഗിച്ച പഴയ ത്രാസിൽ തൂക്കി നൽകിയ കപ്പയും രുചികൊണ്ട് ഈ കടയിലെ മാത്രം ട്രെഡ് സീക്രട്ടായ അച്ചാറും കഴിക്കാം. ഇരുന്നൂറ് ഗ്രാം കപ്പക്ക് 30 രൂപയാണ് വില അച്ചാറിനോ രണ്ട് രൂപ മാത്രം. ഒപ്പം ഒരു കാപ്പിയും കുടിച്ചാൽ 10 രൂപ കൂടി. ഒരു നേരത്തെ സമൃദ്ധമായ ആഹാരത്തിന് ആകെ ചിലവ് 42 രൂപ. ഇനി ഉച്ചക്കെത്തിയാലോ അപ്പോൾ കഞ്ഞിയുമുണ്ട് കുടിക്കാൻ. 80 വർഷം മുമ്പ് അച്ഛൻ കറുവൻ തുടങ്ങിയ കാപ്പിക്കട ഇന്ന് മക്കളായ പവിത്രനും മനോജും അതേ രീതിയിൽ നടത്തിവരുന്നു. പൂർണ്ണമായും പഴയ തനിമയിൽ ഒരുക്കിയിരിക്കുന്ന ഈ കാപ്പി കടയിൽ കപ്പയും കാപ്പിയും കഞ്ഞിയും മാത്രമല്ല ഏതു തരത്തിലുള്ള സുഗന്ധ വ്യഞ്ജനങ്ങളും, ഡ്രൈ ഫ്രൂട്ട്സും വിവിധ ആയുർവേദ മരുന്നുകളും കൂടാതെ സോപ്പും പേസ്റ്റും സൂചിയും നൂലും, വസ്ത്രങ്ങൾക്കാവശ്യമായ ബട്ടണും ഹുക്കും വരെ ലഭ്യമാണ്. എല്ലാം പളുങ്കു കുപ്പികളിൽ സൂക്ഷിക്കുന്നത്. ഓരോ കുപ്പികളും പൊടിപിടിക്കാൻ സമ്മതിക്കാതെ നിരന്തരം തുടച്ച് വെക്കുന്നുമുണ്ട്.

ആഡംബര ലൈറ്റുകളും പുതിയ തരം ഭക്ഷണ വിഭവങ്ങളും ഒരുക്കുന്ന ന്യൂജെൻ ഹോട്ടലുകളുടെ ഈ യുഗത്തിൽ 80 വർഷം പഴക്കമുള്ള ഒരു കാപ്പി കട അതു തന്നെ അതിശയമാണ്. ഈ വിൻ്റേജ് ലുക്കും പഴയ നാടൻ അറ്റ്മോസ്ഫിയറും തേടി ഇവിടെ എത്തുന്നത് നിരവധി പേരാണ്. അതോടൊപ്പം ഓട്ടോ തൊഴിലാളികളുടെയും മറ്റു കച്ചവടക്കാരുടേയും ആശ്രയം കൂടിയാണിത്.

Post a Comment

വളരെ പുതിയ വളരെ പഴയ