കേരളത്തില്‍ നിന്ന് പ്രതിവർഷം 45000- ത്തോളം വിദ്യാർഥികളാണ് വിദേശ രാജ്യങ്ങളിലെത്തുന്നത്. വിദേശ വിദ്യാഭ്യാസത്തിന് പോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തില്‍ 200 ശതമാനത്തിന്റെ വർദ്ധനവാണ് 2021-നെ അപേക്ഷിച്ച് 2022 -23-ല്‍ ഉണ്ടായിരിക്കുന്നത്.
വിദേശ ക്യാമ്ബസുകളില്‍ നിലവിലുള്ള 25 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളില്‍ 2.25 ലക്ഷം പേർ മലയാളികളാണ്.
രാജ്യത്തു നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികളുടെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷത്തിലധികമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങള്‍ക്കപ്പുറം നിരവധി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർഥികളെത്തുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം 2020, വർഷത്തില്‍ രണ്ടു തവണ ബിരുദ പ്രവേശനം, വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിങ്-ഡ്യൂവല്‍-സംയുക്ത ബിരുദ പ്രോഗ്രാമുകള്‍, വിദേശ സർവകലാശാലകളുടെ കാമ്ബസുകള്‍ ഇന്ത്യയില്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍, നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളെ ഇന്ത്യയില്‍ പഠിക്കാൻ സർക്കാരുള്‍പ്പെടുന്ന ഔദ്യോഗിക സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്.
വിദേശ സർവകലാശാലകളെ അനുകരിച്ച് ബിരുദധാരികള്‍ക്ക് ഏതു വിഷയത്തിലും ബിരുദാനന്തര പഠനത്തിനുള്ള അവസരം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പും യു.ജി.സി നടത്തുന്നുണ്ട്.
ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്ക് പുറമേ പ്ലസ് ടുവിനു ശേഷമുള്ള അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍, നഴ്‌സിംഗ്, മാനേജ്മെന്റ്, എൻജിനിയറിംഗ്, പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ക്കാണ് വിദ്യാർഥികള്‍ക്കു താത്പര്യം.
ഉയർന്ന ഗുണനിലവാരം, സാങ്കേതികവിദ്യ, പാർട്ട് ടൈം ജോലി, ഭൗതിക സൗകര്യങ്ങള്‍, പഠനശേഷം തൊഴില്‍ ലഭിക്കാനുള്ള സാദ്ധ്യതകള്‍, വിദേശരാജ്യത്തോടുള്ള താല്പര്യം, ഗവേഷണ മികവ് എന്നിവ ലക്ഷ്യമിട്ടാണ് വിദ്യാർഥികള്‍ വിദേശ രാജ്യങ്ങളിലെത്തുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നൂതന കോഴ്സുകളും അവിടെയുണ്ട്.
കേരളത്തില്‍ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് തടയാനായി വിദേശ സർവകലാശാലകള്‍ക്ക് കാമ്പസ് തുടങ്ങാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു.
വിദേശ വിദ്യാഭ്യാസത്തോടുള്ള വിദ്യാർഥികളുടെ അമിത താല്പര്യം കേരളത്തില്‍ സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രായമായ രക്ഷിതാക്കളുടെ സംരക്ഷണം, പാലിയേറ്റീവ് കെയർ എന്നിവയ്‌ക്കായി ഓള്‍ഡ് ഏജ് കെയർ ഹോമുകളെ ആശ്രയിക്കുന്ന സ്ഥിതി കേരളത്തിലുണ്ട്.
അഭ്യസ്തവിദ്യരായ യുവതി - യുവാക്കളില്‍ തൊഴിലില്ലായ്മ വർധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലിത് 32 ശതമാനമാണ്. തൊഴില്‍ ലഭ്യതാ സാഹചര്യം സൃഷ്ടിക്കുകയാണ് വിദേശ ഭ്രമം കുറയ്ക്കാനുള്ള പ്രധാന മാർഗം. തൊഴില്‍ ലഭ്യത ഉറപ്പുവരുത്താൻ സ്കില്‍ വികസനത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ