തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി, ആരെയും വെറുതെ വിടില്ല: ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാൻ ഏല്‍പ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 

'തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാല്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് കൊടുക്കാൻ നല്‍കിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്. അവരെയെല്ലാം ഞങ്ങള്‍ പിടിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്നമില്ല,' - രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പ്രസംഗം കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. പ്രസംഗത്തിനിടെ ഇക്കാര്യം ശ്രദ്ധിച്ച രാജ്മോഹൻ ഉണ്ണിത്താൻ വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീഡിയോ ഡിലീറ്റ് ചെയ്തില്ലെന്ന് മാത്രമല്ല പുറത്താവുകയും ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ