കണ്ണൂർ
അതിർത്തി കടന്ന പ്രണയം കണ്ണൂരിന് സമ്മാനിച്ചത് തിബറ്റിൻ്റെ രുചി ഭേദങ്ങളാണ്. വൈവിധ്യങ്ങളാൽ സമ്പന്നമായ തിബറ്റൻ മണ്ണിൽ നിന്നും ഭക്ഷ്യ വിഭവങ്ങൾ അതിരുകടന്ന് കേരളത്തിലേക്ക്. മലയാളിയും കണ്ണൂർ കാരനുമായ ജയകൃഷ്ണനും തിബറ്റൻ കാരിയായ യുഗയും തമ്മിലുള്ള അകമഴിഞ്ഞ പ്രണയം സാഫല്യത്തിലെത്തിയപ്പോൾ യുഗ കണ്ണൂരിന് നൽകിയത് ടിബറ്റിൻ്റെ തനത് ഭക്ഷണ വൈഭവങ്ങളെയാണ്. യുഗയുഗാന്തരങ്ങളായി കൈമാറി വന്ന ടിബറ്റൻ ഭക്ഷ്യ വിഭവങ്ങൾ യുഗയിലൂടെ കണ്ണൂർ അതിൻ്റെ സ്വാദറിയുന്നു.
2003 ൽ ഇൻ്റർനെറ്റിലൂടെ വളർന്ന പ്രണയം 2005 ൽ പൂവണിഞ്ഞതോടെ 19 കൊല്ലമായി തുടരുന്ന വിജയഗാഥയുടെ തുടർച്ചയാണ് ദ ദിബറ്റൻ എന്ന റെസ്റ്റൊറൻ്റ്. കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപത്തായി ഏഴു മാസമായി പ്രവർത്തിച്ചു വരുന്ന ഒതൻ്റിക് തിബറ്റൻ ക്യുസിൻ ഭക്ഷണശാലയിലെ മുഴുവൻ സമയ പ്രവർത്തകയാണ് യുഗ. സഹായത്തിനായി ഭർത്താവ് ജയകൃഷ്ണനും എത്തുന്നതോടെ ഇവിടം ഹാപ്പിയാണ്. ഇവിടെ എത്തുന്നവരെ സ്വീകരിക്കുന്നത് തിബറ്റൻ ഗാനഗാനങ്ങളാണ്. ഒരു തരത്തിലും ആലോസരപ്പെടുത്താത്ത ഫീൽ ഗുഡ് പാട്ടുകളാണ് പ്രത്യേകത. തീൻമേശയിലെത്തുന്ന മെനു കാർഡിലോ അതും തിബറ്റൻ ഭക്ഷണ വിഭവങ്ങൾ തന്നെ. ഇഷ്ടമുള്ളതിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ കാത്തിരിപ്പാണ്. ആ കാത്തിരിപ്പിനിടയിൽ ചുറ്റും കണ്ണോടിച്ചാൽ തിബറ്റൻ ഭാഷയിൽ രേഖപ്പെടുത്തിയ എഴുത്തുകളും ദേശീയപതാകകളും വിവിധ വർണ്ണങ്ങളാൽ അലംകൃതമായ പ്രാർത്ഥന പതാകളും മറ്റു തിബറ്റൻ ചിത്രങ്ങളും ഒപ്പം പളുങ്കുപാത്രത്തിൽ സജ്ജീകരിച്ച ഐസ്ഡ് ടീയും ഫോർക്കും സ്പൂണും ചോപ്പ്സ്റ്റിക്കും ഉൾപ്പെടെ മുഴുവൻ തിബറ്റൻ മയം. എല്ലാ അർത്തത്തിലും സജ്ജീകരണങ്ങളാൽ ഒരു തിബറ്റൻ ഫീലൊരുക്കുകയാണ് ഇവിടെ.
ഇന്ത്യയുമായി ഒട്ടവധി സാംസ്കാരിക സമാനതകളുള്ള ഇടമാണ് തിബറ്റ്. ബുദ്ധമത സ്ഥാപകനും ആത്മീയ നേതാവുമായ ശ്രീബുദ്ധൻ്റെ ചിത്രങ്ങളും പ്രതിമകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിബറ്റിൻ്റെ തനത് ഭക്ഷണ വിഭവങ്ങളായ ടിങ്മോ, ഷാപ്പ്ടാക്, മോമോ, തുക്പാ, മോക്തുക് തുടങ്ങിയ വിവിധ ഇനങ്ങളുമുണ്ട്. ഇവിടെ എത്തുന്നവർക്ക് ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തിബറ്റൻ തീൻമേശ സംസ്കാരം പരീക്ഷിക്കുകയും ചെയ്യാം. തിബറ്റൻ ഭക്ഷണത്തെ അറിഞ്ഞും കേട്ടും കഴിച്ചും പരിചയമുള്ളവർ അവ തേടിയും അല്ലാത്തവർ ഭക്ഷണ വിഭവങ്ങൾ എന്തെന്നറിയാനുള്ള കൗതുകത്തിനും ഇവിടെയെത്തുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ