കുരച്ചുചാടി തെരുവുനായ്ക്കള്‍; ഭീതിയോടെ ജനം

ഇരിങ്ങാലക്കുട: നാട്ടുകാരില്‍ ഭീതിവിതച്ച്‌ ഇരിങ്ങാലക്കുട ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം.

ബസ് സ്റ്റാൻഡ് പരിസരത്തും മാര്‍ക്കറ്റിനു സമീപമുള്ള റോഡുകളിലുമാണു തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നത്. 

ബസ് സ്റ്റാൻഡില്‍ എത്തുന്നവര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും രാവിലെ ട്യൂഷനും പോകുന്ന കുട്ടികള്‍ക്കുമാണിവ ഏറെ ഭീഷണിയാകുന്നത്. സംഘം ചേര്‍ന്ന് റോഡില്‍ തന്പടിക്കുന്ന നായ്ക്കൂട്ടത്തെ മറികടന്ന് പോകണമെന്നുള്ളത് വിദ്യാര്‍ഥികള്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ഭീതിജനകമായ കാര്യമാണ്. 

കൈയിലൊരു വടിയുമായി ഇറങ്ങുകയല്ലാതെ നായ്ക്കളില്‍നിന്നു രക്ഷനേടാൻ മാര്‍ഗമില്ലെന്നു പ്രഭാത സവാരിക്കാര്‍ പറഞ്ഞു. രാവിലെ വിവിധ ജോലിയ്ക്ക് പോകുന്നവരും ചന്തയില്‍ പോകുന്ന ചെറുകിട കച്ചവടക്കാരും കാല്‍നടയാത്രക്കാരും വിവിധ ആരാധനാലയങ്ങളിലേക്കു പോകുന്നവരും ഭീതിയിലാണ്. വീടുകള്‍ക്കുമുന്പില്‍നിന്നു ചെരുപ്പുകളും മറ്റും കാണാതാകുന്നതിനു പിന്നിലും ഇവയാണ്. 

ആടുകളെയും കോഴികളെയും ആക്രമിക്കുന്നതു മൂലം ഇവയെ വളര്‍ത്തി ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ ജീവിതം ദുരിതമായിരിക്കുകയാണ്. തെരുവുനായ് ശല്യം മൂലം സ്ത്രീകളും കുട്ടികളും വീട്ടില്‍നിന്നു പുറത്തിറങ്ങുന്നത് ഭയപ്പാടോടെയാണ്. 

മാര്‍ക്കറ്റ് പരിസരത്തുള്ള റോഡുകളില്‍ കൂട്ടംകൂട്ടമായാണ് നായ്ക്കള്‍ വിശ്രമിക്കുന്നത്. ഏതെങ്കിലും വാഹനം വന്നാല്‍ കൂട്ടയോട്ടം തുടങ്ങും. 

വന്ധ്യംകരണ കേന്ദ്രങ്ങള്‍ അടഞ്ഞിട്ട് രണ്ടുവര്‍ഷം

കൊട്ടിഘോഷിച്ചു നടപ്പാക്കിയ വന്ധ്യംകരണ കേന്ദ്രങ്ങളടക്കം അടഞ്ഞിട്ട് രണ്ടുവര്‍ഷം. പ്രജനന നിയന്ത്രണം പേരിനു മാത്രമാണിപ്പോള്‍.

വെള്ളാങ്കല്ലൂരിലെ എബിസി സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് മൂന്നുവര്‍ഷമായി. 2015 ഒക്ടോബറിലാണ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന് കീഴിലുള്ള വെറ്ററിനറി ആശുപത്രിയില്‍ തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ തയാറാക്കിയത്. 

48 നായ്ക്കളെ ഇവിടത്തെ ഷെല്‍ട്ടറില്‍ ഇടാമെങ്കിലും ഒരു ദിവസം പത്ത് നായ്ക്കളെ മാത്രമേ വന്ധ്യംകരണം ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളൂ. 

2014-15 ജനകീയാസൂത്രണ പദ്ധതിയില്‍ അനുവദിച്ച നാലു ലക്ഷം രൂപ ചെലവഴിച്ച്‌ അന്നത്തെ സീനിയര്‍ വെറ്ററിനറി സര്‍ജൻ ഡോ. മേനോൻ രവിയാണ് ഈ ഷെല്‍ട്ടര്‍ രൂപകല്‍പന ചെയ്തത്. തെരുവുനായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാൻ അധികൃതര്‍ രംഗത്തെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Post a Comment

വളരെ പുതിയ വളരെ പഴയ