ഡൽഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാനായി നിയോഗിച്ച എട്ടംഗ സമിതിയില്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി അംഗമാകില്ല.
പാനലില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. മല്ലികാര്‍ജ്ജുൻ ഖര്‍ഗെയെ സമിതിയില്‍ ഉള്‍പ്പെടുത്താത്തത് കോണ്‍ഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധിര്‍ രഞ്ജൻ ചൗധരിയുടെ ഈ പിന്മാറ്റം.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിലേക്ക് ഇല്ലെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുൻ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണര്‍ സഞ്ജയ് കോത്താരി തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുൻ രാം മേഘ്‌വാള്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവും കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സ്ഥിരം സെക്രട്ടറിയുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ