പകല്‍ കഴിഞ്ഞു, ചന്ദ്രയാൻ 3 റോവര്‍ ഇനി സ്ലീപ്പ് മോഡില്‍; അടുത്ത സൂര്യോദയത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ ഐഎസ്‌ആര്‍ഒയ്ക്ക് നിര്‍ണായക നേട്ടം

ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവര്‍ സ്ലീപ്പ് മോഡില്‍ പ്രവേശിച്ചതായി ഐഎസ്‌ആര്‍ഒ. ചന്ദ്രനിലെ പകല്‍ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാലാണിത്.

റോവറിലെ പേലോഡുകളുടെ പ്രവര്‍ത്തനവും നിലച്ചു. റോവര്‍ ശേഖരിച്ച വിവരങ്ങള്‍ ലാൻഡര്‍ സ്വീകരിച്ച്‌ ഭൂമിയിലേയ്ക്ക് അയക്കും.

സൂര്യപ്രകാശത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡില്‍ തുടരും. സെപ്റ്റംബര്‍ 22ന് അടുത്ത പകലിന്റെ ആരംഭമാകും. അതുവരെയുള്ള കനത്ത ശൈത്യത്തെ അതിജീവിച്ചാല്‍ റോവര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായേക്കും.

ഐഎസ്‌ആര്‍ഒ മൂൻകൂട്ടി നിശ്ചയിച്ച അത്രയും ദിവസം പ്രഗ്യാൻ റോവര്‍ ചാന്ദ്രോപരിതലത്തില്‍ ചിലവിട്ട് കഴിഞ്ഞു. ഇതിനോടകം തന്നെ 100 മീറ്ററാണ് റോവര്‍ സഞ്ചരിച്ചത്. അടുത്ത സൂര്യോദയത്തില്‍ ഉണരാൻ തക്കവണ്ണമാണ് റോവറിന്റെ സോളാര്‍ പാനല്‍ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന 14 ദിവസത്തെ പ്രവര്‍ത്തന ചക്രത്തിന് ഉപരിയായി അധികവിവരങ്ങള്‍ റോവര്‍ ഐഎസ്‌ആര്‍ഒയ്ക്ക് കൈമാറും.


Post a Comment

വളരെ പുതിയ വളരെ പഴയ