മക്കിമല(വയനാട്) വീടുകള്‍ അനാഥം. അമ്മമാര്‍ യാത്രയായി. അപകടം നുള്ളിയെടുത്ത ഒമ്ബത് അമ്മമാര്‍ മരണത്തിന്റെ മടിയിലും ഒരുമിച്ചുകിടന്നു.
വയനാട് തവിഞ്ഞാല്‍ കണ്ണോത്ത്മലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച തോട്ടം തൊഴിലാളികള്‍ക്ക് നാട് തകര്‍ന്ന ചങ്കുമായി വിടചൊല്ലി. മക്കിമല ഒരു മരണവീടായി. അന്ത്യനിദ്രയിലും അവര്‍ ഒന്നിച്ചായിരുന്നു. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവച്ച മക്കിമല ഗവ. എല്‍പി സ്കൂള്‍ മുറ്റം സങ്കടക്കടലായി.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഒമ്ബതുപേരുടെയും മൃതദേഹങ്ങള്‍ വഹിച്ച ആംബുലൻസുകള്‍ ശനി പകല്‍ ഒന്നോടെ ഒരുമിച്ച് കുന്നുകയറി മക്കിമലയിലെ സ്കൂള്‍ മുറ്റത്തേക്കെത്തി. പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മൃതദേഹങ്ങള്‍ ഓരോന്നായി കിടത്തി. കൂടിനിന്ന ആയിരങ്ങളുടെ മിഴികളില്‍ കണ്ണുനീര്‍ നിറഞ്ഞു. തൊണ്ടകളില്‍ സങ്കടം വീര്‍പ്പുമുട്ടി. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനായില്ല.
മന്ത്രി എ കെ ശശീന്ദ്രനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുള്‍പ്പെടെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പകല്‍ മൂന്നുവരെ പൊതുദര്‍ശനം നീണ്ടു. പിന്നീട് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. ചടങ്ങുകള്‍ക്കുശേഷം സംസ്കരിച്ചു.
ശോഭന, ഷാജ, കാര്‍ത്യായനി, ലീല എന്നിവര്‍ക്ക് വീട്ടുവളപ്പുകളില്‍ ചിതയൊരുക്കി. ശാന്തയുടെയും മകള്‍ ചിത്രയുടെയും മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. റാബിയയുടെ മൃതദേഹം മക്കിമല ഹിദായത്തുല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചിന്നമ്മയുടെ മൃതദേഹം അവരുടെ ആഗ്രഹപ്രകാരം കാട്ടിക്കുളം ശാന്തികവാടത്തില്‍ സംസ്കരിച്ചു. റാണിയുടെ സംസ്കാരം കാപ്പാട്ടുമലയിലെ വീട്ടുവളപ്പിലായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ