ലോകത്തിനാകെ ആകാംക്ഷ നല്‍കിയ ചന്ദ്രനെ തൊട്ടറിയാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയം. ബഹിരാകാശദൗത്യത്തില്‍ പുതിയ അധ്യായമാണ് ഇന്ത്യയും ഐഎസ്‌ആര്‍ഒയും കുറിച്ചിരിക്കുന്നത്.
ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമുനയര്‍ത്തിയ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്‌ആര്‍ഒ രൂപീകരണം കൊണ്ടിട്ട് 54 വര്‍ഷം പിന്നിട്ട വേളയിലാണ് ഈ ചരിത്രനേട്ടവും സ്വന്തമാക്കിയിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ തിളങ്ങുന്ന വിളക്കുകളിലൊന്നായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ രാജ്യം ആഘോഷിക്കുമ്ബോള്‍ അതിന്റെ നേട്ടവഴികളും സഞ്ചാര പാതയും അറിയേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴിലാണ് ഐഎസ്‌ആര്‍ഒ. ഇന്ത്യൻ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് (ഐഎൻസിഒഎസ്പിഎആര്‍) എന്ന പേരിലായിരുന്നു മുൻപ് ഐഎസ്‌ആര്‍ഒ. 1962-ലായിരുന്ന ഇത് രൂപീകരിച്ചത്. പിന്നീട് 1969-ഓഗസ്റ്റ് 15-നാണ് ഐഎസ്‌ആര്‍ഒ ആയി മാറിയത്. 1972-ലാണ് ബഹിരാകാശ വകുപ്പ് രൂപീകരിച്ച് ഐഎസ്‌ആര്‍ഒയെ അതിന് കീഴിലാക്കിയത്.
അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനെ തൊട്ട നാലാമത്തെ രാജ്യമെന്ന നേട്ടത്തില്‍ ഇന്ത്യയെ എത്തിച്ച ഐഎസ്‌ആര്‍ഒ ശ്രദ്ധേയമായ മറ്റുനേട്ടങ്ങളില്‍ ചിലത് ഇവയൊക്കെയാണ്...
ചന്ദ്രയാൻ-1 (2008)
രണ്ടു പതിറ്റാണ്ടായി ഐഎസ്‌ആര്‍ഒ നടത്തി വന്ന കഠിനാധ്വാനത്തിന് ഫലമാണ് ഇന്നത്തെ നേട്ടം. ചാന്ദ്ര ദൗത്യവുമായി 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാൻ ഒന്ന് കുതിച്ചുയര്‍ന്നത്. ചന്ദ്രനെ ചുറ്റി ഗവേഷണം നടത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കിയ മൂണ്‍ ഇംപാക്‌ട് പ്രോബ് എന്നിവയായിരുന്നു ഇതിലെ പ്രധാന ഭാഗങ്ങള്‍. ഇന്ത്യ, യു.എസ്., യു.കെ., ജര്‍മനി, സ്വീഡൻ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളുടെ 11 ശാസ്ത്രോപകരണങ്ങളും പേടകത്തിലുണ്ടായിരുന്നു. മൂണ്‍ ഇംപാക്‌ട് പ്രോബ് ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ചന്ദ്രനില്‍ ജല സാന്നിധ്യം കണ്ടെത്തിയതായിരുന്നു ഈ ദൗത്യത്തിലെ ഏറ്റവും വലിയ നേട്ടം.
മംഗള്‍യാൻ (2013)
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ പുതിയൊരു യുഗപ്പിറവിയായിരുന്നു പ്രഥമ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാൻ. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്‌എല്‍വി-25 ആണ് വിജയകരമായി ഭൂഭ്രമണപഥത്തില്‍ വിക്ഷേപിച്ചത്. പത്ത് മാസത്തിന് ശേഷം 2014 സെപ്റ്റംബര്‍ 24ന് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി മംഗള്‍യാൻ ചൊവ്വയെ അതിന്റെ ഭ്രമണപഥത്തില്‍ വലയംവെച്ചു തുടങ്ങി. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം പൂര്‍ത്തിയാക്കിയ ഏക ഏഷ്യൻ രാജ്യമായി ഇന്ത്യ മാറിയിരുന്നു.
ചൊവ്വയുടെ അന്തരീക്ഷം, ഉപരിതലം, ധാതുക്കളുടെ ഘടന എന്നിവ പഠിക്കുന്നതിലാണ് മംഗള്‍യാൻ ദൗത്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് കണ്ടെത്തലുകള്‍ക്കൊപ്പം ചൊവ്വയിലെ മീഥേൻ സാന്നിധ്യത്തെക്കുറിച്ചും അതിന്റെ കാലാനുസൃതമായ വ്യതിയാനത്തെക്കുറിച്ചും ഇത് വിലപ്പെട്ട വിവരങ്ങള്‍ ശാസ്ത്രലോകത്തിന് നല്‍കി.
ചന്ദ്രയാൻ-2 (2019)
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യവുമായി ചന്ദ്രയാൻ-2 2019 ജൂലായ് 22നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് തന്നെ കുതിച്ചത്. വിക്രം എന്നുപേരുള്ള ലാൻഡറും പ്രജ്ഞാൻ എന്ന റോവറും ഇതിലെ പ്രധാനഭാഗങ്ങള്‍. ഇന്ത്യയുടെ 13 പേലോഡുകളുമുണ്ടായിരുന്നു. ചന്ദ്രയാൻ-3 വിജയകരമായി പൂര്‍ത്തീകരിച്ച സോഫ്റ്റ് ലാൻഡിങ്ങായിരുന്നു ചന്ദ്രയാൻ-2 വിന്റെ പ്രധാന ലക്ഷ്യം.
ലാൻഡിങ് സ്റ്റേജ് വരെ എല്ലാം കൃത്യമായിരുന്നു. എന്നാല്‍ അവസാനനിമിഷത്തെ സാങ്കേതികത്തകരാര്‍ എല്ലാം തകിടംമറിച്ചു. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രവുമായുള്ള ബന്ധം ചന്ദ്രയാൻ-2 വിന് നഷ്ടമായി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ദൗത്യം പരാജയപ്പെട്ടു. അതേ സമയം ദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്റര്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്. ഇതുമായി ചന്ദ്രയാൻ-3 ബന്ധം സ്ഥാപിച്ചതായി ഐഎസ്‌ആര്‍ഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചന്ദ്രയാൻ ഒന്നിനുള്ള ചെലവ് 540 കോടി രൂപയായിരുന്നെങ്കില്‍ ചന്ദ്രയാൻ രണ്ടിന് 978 കോടി രൂപയാണ് ചെലവായത്.
ഗഗൻയാൻ
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമാണ് ഗഗൻയാൻ. 2007-ല്‍ വിഭാവനം ചെയ്ത പദ്ധതി 2018ലാണ് പ്രഖ്യാപിക്കപ്പെട്ടത്. പുതിയൊരു ബഹിരാകാശ പേടകം നിര്‍മാണം അടക്കം ഉള്‍പ്പെട്ടതാണ് ഗഗൻയാൻ പദ്ധതി. ഈ പേടകത്തിന്റെ പേരിലാണ് ദൗത്യം അറിയപ്പെടുന്നത്. രണ്ടോ മൂന്നോ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുകയും സുരക്ഷിതമായി തിരികെ കൊണ്ട് വരികയുമാണ് ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് ഒരാഴ്ചയോളം യാത്രികര്‍ക്ക് തങ്ങാൻ ശേഷിയുള്ളതായിരുന്നു പേടകം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാരില്ലാതെ 2022-ല്‍ ഇത് വിക്ഷേപിക്കാൻ സജ്ജീകരിച്ചിരുന്നു. എന്നിരുന്നാലും, സാങ്കേതിക വെല്ലുവിളികളും കോവിഡും കാരണം ഇത് നീട്ടിവെച്ചു. സുരക്ഷാ കാരണങ്ങളാല്‍ 2024 വരെ ദൗത്യം നടക്കില്ലെന്നാണ് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇൻസാറ്റ് സീരീസ്
ഇന്ത്യയുടെ ആശയവിനിമയ സംവിധാനങ്ങള്‍ക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പരമ്ബരയാണ് ഇൻസാറ്റ് സീരീസ് എന്നറിയപ്പെടുന്നത്. ഇൻസാറ്റ്-3ഡി, ഇൻസാറ്റ് 3-ഡിആര്‍, ഇൻസാറ്റ്-3ഡിഎസ് എന്നിവ പരമ്ബരയില്‍ പ്രധാനപ്പെട്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ