അണക്കെട്ടുകളില്‍ ജലനിരപ്പ്; കുത്തനെ താഴുന്നു

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. ശനിയാഴ്ച 2329.96 ആണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 60 അടിയുടെ കുറവാണുണ്ടായത്.

മഴ കനിഞ്ഞില്ലങ്കില്‍ വൈദ്യുതി ഉല്‍പാദനമടക്കം കടുത്ത പ്രതിസന്ധിയിലേക്ക് വരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 51 ശതമാനം വെള്ളത്തിന്‍റെ കുറവാണുള്ളത്. 31 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പാദനത്തിനു ഡാമില്‍ അവശേഷിക്കുന്നത്. മഴയുടെ അളവില്‍ 60 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ പ്രധാനകാരണം. ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെക്കേണ്ടിവരും. 

670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ പ്രതിദിനം വേണ്ടത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 17 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ ആറ് ദശലക്ഷം യൂനിറ്റായി കുറച്ചു. ഇപ്പോഴത്തെ പ്രതിസന്ധിമൂലം ഒരു ജനറേറ്ററിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ വൈദ്യുതി ബോര്‍ഡ് ആലോചിക്കുകയാണ്. ചെറുകിട ജലവൈദ്യുതി പദ്ധതികളില്‍ ഉല്‍പാദനം കൂട്ടി ഇടുക്കിയില്‍ പരമാവധി വെള്ളം സംഭരിക്കാനും വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്. 

സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. മിക്ക അണക്കെട്ടുകളിലും 20 മുതല്‍ 40 അടി വരെ കുറവുണ്ട്. 

ഇടുക്കി അണക്കെട്ടിന്‍റെ ഡൈവേര്‍ഷൻ ഡാമുകളായ ഇരട്ടയാര്‍, വടക്കേപ്പുഴ, അഴുത, നാരകക്കാനം തുടങ്ങിയവയിലെല്ലാം ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ