ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ റെയ്ഡ്

ന്യൂഡല്‍ഹി/ മുംബൈ: ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്.ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്ന് പരാതിയുണ്ട്. ഇത് റെയ്ഡ് അല്ലെന്നും സര്‍വേ ആണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര നികുതി, വിനിമയ മൂല്യ ക്രമവിരുദ്ധത തുടങ്ങിയ ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഗുജറാത്ത് വംശഹത്യയെ കുറിച്ച്‌ ഡോക്യുമെന്ററി ഈയടുത്ത് ബി ബി സി പ്രസിദ്ധീകരിച്ചിരുന്നു. വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ഐ ടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ച്‌ യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം കേന്ദ്രം തടഞ്ഞിരുന്നു. എന്നാല്‍, പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലടക്കം പലയിടത്തും ഡോക്യുമെന്ററി പരസ്യമായി പ്രദര്‍ശിപ്പിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ