മൈസൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്‌ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കള്‍.
കര്‍ണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കള്‍ 'ബ്രഹ്മചാരിഗല പദയാത്ര' (ബാച്ചിലേഴ്സ് പദയാത്ര) നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. കര്‍ഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയില്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി 23 മുതല്‍ അയല്‍ ജില്ലയായ ചാമരാജനഗര്‍ ജില്ലയിലെ പ്രശസ്തമായ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കള്‍ യാത്രയില്‍ പങ്കെടുക്കും. 10 ദിവസത്തിനുള്ളില്‍ നൂറോളം അവിവാഹിതര്‍ പദയാത്രയില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ പറഞ്ഞു. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളില്‍ നിന്നുള്ളവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 23ന് മദ്ദൂര്‍ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 105 കിലോമീറ്റര്‍ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹില്‍സിലെത്തും. അവിവാഹിതരായ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
കര്‍ണാടകയില്‍ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയില്‍ നേരത്തെ പെണ്‍ഭ്രൂണഹത്യ കൂടുതലായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വനിതാ കര്‍ഷക നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ് മാണ്ഡ്യ ജില്ലയില്‍ അധികവും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ