മെഡി. കോളേജില്‍ ആദിവാസി യുവാവിന്റെ തൂങ്ങിമരണം: സുരക്ഷാജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചെന്ന് കുടുംബം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം.

വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണത്തിലാണ് ആശുപത്രിയിലെ മാതൃ,ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ പരാതി ഉയര്‍ന്നിരിക്കുന്നത്. 

ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച്‌ ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് കടുത്ത മാനസികപ്രയാസമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമെന്നും ലീല പറഞ്ഞു. 

ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Post a Comment

വളരെ പുതിയ വളരെ പഴയ