കരിമണല്‍ ഖനനം, ജനകിയ സമരത്തെ അക്രമിച്ച് പൊലിസ്, വയോധികർ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്


 • സ്വന്തം ലേഖകൻ


ആലപ്പുഴ>

നിയമവിരുദ്ധ ഖനനത്തിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കെതിരെ പൊലിസ് അതിക്രമം. റിട്ട. ഡെപ്യുട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. 


കുട്ടനാട് തോട്ടപ്പിള്ളി പൊഴിമുക്കം ഹാര്‍ബര്‍ പരിസരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കെതിരെയാണ് പൊലിസ് നടപടി. റിട്ട. ഡെപ്യുട്ടി തഹസില്‍ദാറും സമരസമിതി പ്രവര്‍ത്തകനുമായ ഭദ്രന്‍ ഉള്‍പ്പെടെ നിരവധി വയോധികർക്കും പരിക്കേറ്റിട്ടുണ്ട്. 


ഖനനം കാരണം പ്രദേശത്ത് വെള്ളക്കെട്ട് ഒഴിഞ്ഞ നേരമില്ല. ഇത് മൂലം ദുരിതത്തിലായ നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കോടതി ഉത്തരവ് പ്രകാരം കരിമണല്‍ ഖനനത്തിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നു. 


നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് പ്രദേശവാസികളെ പൊലിസ് തല്ലിച്ചതച്ചതെന്ന് റിട്ട. ഡെപ്യുട്ടി തഹസില്‍ദാറും സമരസമിതി പ്രവര്‍ത്തകനുമായ ഭദ്രന്‍ പറഞ്ഞു. സമാധനപരമായി നടക്കുന്ന ജനകിയ സമരങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതുസമീപനമാണ് തോട്ടപ്പിള്ളിയില്‍ കണ്ടത്. കോവിഡ് മാനദണ്ഢങ്ങള്‍ ഉള്‍പ്പെടെ പാലിച്ച് നടത്തുന്ന സമരത്തെ ഒരു പ്രകോപനവും കൂടാതെയാണ് പൊലിസ് അക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.


കടല്‍ നിരപ്പിനെക്കാള്‍ താഴ്ന്ന പ്രദേശമായ പൊഴിമുക്കം അനധികൃത ഖനനത്തെത്തുടര്‍ന്ന് ഏത് നിമിഷവും വെള്ളത്തിനടിയിലാവുമെന്ന സ്ഥിതിയാണ്. 

അതിജീവനത്തിനായി സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കെതിരെ മുഖംതിരിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. പ്രകൃതി ചൂഷണവും ഇത്രയും വലിയ പകല്‍ കൊള്ളയും നടന്നിട്ടും അധികൃതര്‍ മൗനം പാലക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബന്ധുവാണ് കരിമണല്‍ ഖനനത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഉപ കരാറുകാരും ‍ഉന്നത രാഷ്ട്രിയ ബന്ധമുള്ളവരാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.


സമരം ചെയ്ത ജനങ്ങളെ പൊലിസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് 26 ന് പകല്‍ പതിനൊന്ന് മണിക്ക് ജനകിയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തും. വിളപ്പില്‍ശാല സമര നായകന്‍ എസ് ബുര്‍ഹാന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

വളരെ പുതിയ വളരെ പഴയ