"പോസിറ്റീവ് എവിടെ രേഖപ്പെടുത്തണം സാറേ "


• സ്വന്തം ലേഖകൻ

പിണറായി >
ചോക്കും ബോർഡും ചുവന്ന മഷിയിലെ തിരുത്തലും കൈവഴങ്ങിയ അധ്യാപകർക്ക് കോവിഡ് ചുമതല നൽകിയത് പുതിയ പാഠങ്ങൾ. മാസ്കും സാനിറ്റൈസറും വിവരശേഖരണരേഖ പൂരിപ്പിക്കാനാവശ്യമായ പേനകൾ പോലും സ്വന്തം ചിലവിൽ വാങ്ങി രാവും പകലും ചുമതലയെടുത്തവർ പിന്നിട്ട രസകരവും ക്ലേശകരവുമായ ചില അനുഭവങ്ങളുണ്ട്.

മേം ഖൂർഖാ ഹൂം.. 

മലയാള ചലചിത്രം ഗാന്ധി നഗർ സെക്കൻ്റ് സ്ട്രീറ്റിലെ മോഹൻലാലിൻ്റ ഗൂർഖാ കഥാപാത്രത്തെ കവച്ചുവയ്ക്കും റെയിൽവേ സ്റ്റേഷനിൽ കോവിഡ്  ചുമതലയെടുത്ത അധ്യാപകരുടെ ചില അനുഭങ്ങൾ. ഇതരസംസ്ഥാന യാത്രക്കാരുടെ വിവരശേഖരണത്തിന് ചുമതല സ്വീകരിച്ച അധ്യാപകരാണ് ഭാഷാ പ്രശ്നം കാരണം പുലിവാല് പിടിച്ചത്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ബംഗാളി കുടുംബത്തിന് വിവരശേഖരണത്തിനുള്ള ഫോറം നൽകിയപ്പോഴാണ് അമളി മനസ്സിലായത്. കൂട്ടത്തിൽ ആർക്കും ഇംഗ്ലിഷ് വശമില്ല. മലയാളം തീരെയറിയില്ല. ആകെ അറിയാവുന്നത് ബംഗാളി മാത്രം. യാത്രക്കാർ  പൂരിപ്പിച്ചു നൽകാനുള്ള ഫോറമാവട്ടെ ഇംഗ്ലീഷിലും. 

അറിയാവുന്ന മുറിഹിന്ദിയിൽ ആംഗ്യത്തിൻ്റെ സഹായത്തിൽ ഫോറം പൂരിപ്പിച്ചു നൽകാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായ രണ്ട് അധ്യാപകർ അരമണിക്കൂർ പാടുപെട്ടാണ് നാലു ഫോറങ്ങൾ പൂരിപ്പിക്കാൻ നൽകിയത്. സ്റ്റേഷനിലെ ബഞ്ചിലിരുന്ന് നാലു ഫോറവും തകൃതിയായി പൂരിപ്പിച്ച് കുടുംബനാഥൻ തിരികെയെത്തി. പൂരിപ്പിച്ച ഫോറങ്ങൾ വാങ്ങി നോക്കിയ അധ്യപകർ പരസ്പരം നോക്കി. ആകെ ഒരു ബംഗാളിമയം.

*കോവിഡ് പോസിറ്റീവ് എവിടെ രേഖപ്പെടുത്തണം സാറേ ...

രാത്രിവണ്ടിക്ക് എത്തി കോവിഡ് ഹെൽപ്ഡസ്കിൽ  യാത്രക്കാരൻ സൃഷ്ടിച്ച അങ്കലാപ്പാണ് മറ്റൊരു സംഭവം. വിവരശേഖരണം നടത്തിയ ഉദ്യോഗസ്ഥനോട് വിശേഷങ്ങളൊക്കെ പങ്കുവച്ചശേഷം ഫോറം പൂരിപ്പിച്ചു നൽകാനാവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവാണെന്ന കാര്യം രേഖപ്പെടുത്താനുള്ള കോളം കാണുന്നില്ലെന്നതായി അദ്ദേഹത്തിൻ്റെ അടുത്ത സംശയം.

ഡ്യൂട്ടിയിലുണ്ടായ അധ്യാപകൻ പൊട്ടിത്തെറിച്ചു.രംഗം വഷളായതോടെ പോലീസും സ്ഥലത്തെത്തി.പോലീസിൻ്റെ വകയും കിട്ടി മോശമില്ലാത്ത പഴി. 'അവിടെ പോയിരിക്ക് ' പ്ലാറ്റ്ഫോമിൻ്റെ മൂലയിൽ ആളൊഴിഞ്ഞ സ്ഥലം ചൂണ്ടിക്കാട്ടി പോലീസുകാരൻ്റെ ആജ്ഞ. ഭയന്നു പോയ യാത്രക്കാരൻ അനുസരണയുള്ള കുട്ടിയെ പോലെ മൂലയിലെ ബഞ്ചിലിരുന്നു.

സംഭവം ആരോഗ്യ വിഭാഗത്തെ അറിയിച്ചു. യാത്രക്കാരനെ നിരീക്ഷിക്കാൻ അകലം പാലിച്ച് അധ്യാപകനും ഇരിപ്പായി. ഉടനെത്താമെന്ന് അറിയിച്ച ആരോഗ്യ പ്രവർത്തകർ രാത്രി വൈകിയും എത്തിയില്ല. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും എത്താതായതോടെ എന്ത് ചെയ്യണമെന്ന ചിന്തയായി.

യാത്രക്കാരൻ സ്ഥലകാല ബന്ധമിലാതെ സംസാരിക്കാൻ തുടങ്ങിയതോടെ പൊല്ലാപ്പ് വയ്യെന്ന നിലപാടിലായി അധ്യാപകരും പോലീസും. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ വീട്ടിലെത്തിക്കലായി അടുത്ത വെല്ലുവിളി.സ്റ്റേഷൻ പരിസരത്തെ ഓട്ടോറിക്ഷയിൽ കയറ്റിയയച്ചാണ് ഒരു വിധം തടി തപ്പിയത്.

* റിസർവേഷൻ ഫോറം പൂരിപ്പിക്കാനും ക്യൂ.

കോവിഡ് ചുമതലയ്ക്കും ഓൺലൈൻ ക്ലാസിനും ഇടയിൽ പെടാപ്പാട് പെടുന്ന അധ്യാപകർ റിസർവേഷൻ ഫോറവും പൂരിപ്പിച്ചു നൽകണം. കോവിഡ് ഹെൽപ് ഡസ്കാണ് എന്നു പറഞ്ഞാലും രക്ഷയില്ല. രാത്രി വൈകി ചുമതലയിൽ തനിച്ചായ അധ്യാപിക റിസർവേഷൻ ഫോറം പൂരിപ്പിച്ചു നൽകാനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ശകലം മദ്യലഹരിയിലായിരുന്ന മധ്യവയസ്കൻ്റെ വിചാരണയും നേരിടേണ്ടി വന്നു. ഭയന്നുപോയ അധ്യാപിക ഭർത്താവിനെ വിളിച്ചു വരുത്തിയാണ്  വീട്ടിലേക്കു മടങ്ങിയത്. സാനിറ്റൈസറും മാസ്കും പേനയും ആവശ്യപ്പെട്ടെത്തുന്നവരും ഏറെയാണ്.  കോവിഡ് ഡ്യൂട്ടിക്ക് നിയോജിച്ചവർക്കു പോലും പ്രതിരോധ സംവിധാനങ്ങൾ അനുവദിക്കുന്നില്ലെന്നും തങ്ങൾ നിസ്സഹായരാണെന്ന് അറിയിച്ചാലും ഇക്കൂട്ടർ തൃപ്തരല്ല.

* തെരുവ് നായയ്ക്കും കരുതണം 

കോവിഡ് വ്യാപനം ഉയർന്നതോടെ ഡ്യൂട്ടിക്ക് ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരും. എന്നാൽ ഭക്ഷണപ്പൊതി തുറക്കണ്ട താമസം തെരുവുനായ്ക്കൾ എത്തും. സ്വൈര്യമായി ഭക്ഷണം കഴിക്കാമെന്ന് വിചാരിച്ച് ഒരു മൂലയിരുന്ന അധ്യാപകന് ജീവൻ രക്ഷിക്കാൻ ഭക്ഷണപ്പൊതി പട്ടികൾക്കു നൽകേണ്ടി വന്നു. തൻ്റെ അനുഭവം വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണ് സഹപ്രവർത്തകർ അറിഞ്ഞത്.

സമാന സാഹചര്യത്തിൽ ജില്ലാ അതിർത്തിയിൽ രാത്രികാല ചുമതലയുണ്ടായിരുന്ന അധ്യാപകന് നേരെ തെരുവുനായയുടെ അക്രമമുണ്ടായി.

*ക്ലാസ് മലയാളം മാഷ് പറഞ്ഞത് ഹിന്ദി.

ഓൺലൈൻ ക്ലാസിൽ അധ്യാപകനെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. അധ്യാപകന് കോവിഡ് ചുമതലയായിരുന്നു. എങ്കിലും രക്ഷിതാക്കളുടെ പരാതി പരിഹരിക്കാൻ ക്ലാസെടുക്കാൻ  അധ്യാപകൻ തീരുമാനിച്ചു. റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഓൺലൈനിൽ മലയാളം ക്ലാസെടുത്തു കൊണ്ടിരുന്ന അധ്യാപകൻ പൊടുന്നനെ ഹിന്ദി പറഞ്ഞത് വിദ്യാർത്ഥികൾക്ക് കൗതുകം. ക്ലാസ് നടന്നുകൊണ്ടിരിക്കേ എത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പാവം അധ്യാപകൻ മറുപടി കൊടുത്തതായിരുന്നുവത്രേ.

Post a Comment

വളരെ പുതിയ വളരെ പഴയ