തൃപ്പങ്ങോട്ടൂർ ക്വാറി വിരുദ്ധ സമരം; ക്വാറികൾക്ക് സ്റ്റോപ് മെമ്മോ


തലശ്ശേരി >
പാനൂർ തൃപ്പങ്ങോട്ടൂർ വില്ലേജിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് സ്റ്റോപ് മെമ്മോ നൽകി തലശ്ശേരി സബ്കലക്ടർ. ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന ക്വാറികൾ ഒഴികെ മതിയായ അനുമതികളില്ലാതെ ഖനനം നടത്തുന്ന മറ്റ് ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാനാണ്  തലശ്ശേരി ആർഡിഒ കൂടിയായ സബ്കലക്ടർ അനുകുമാരി ഉത്തരവിട്ടത്. 

അനധികൃത ക്വാറികൾക്കെതിരെ പ്രദേശവാസി എൻ നാണു, പരിസ്ഥിതി പ്രവർത്തകൻ നോബിൾ എം പൈക്കട എന്നിവർ അഡ്വ.ഇ സനൂപ് മുഖേന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഖനനം നിരോധിച്ച് ഉത്തരവിറക്കിയത്. വിചാരണ വേളയിൽ ആവശ്യപ്പെട്ട സമയം അനുവദിച്ചിട്ടും ക്വാറികൾ പ്രവത്തിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ആർഡിഒ നിർദ്ദേശം നൽകിയത്.

തൃപ്പങ്ങോട്ടൂർ വില്ലേജ് പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്നത്  നിരവധി ക്വാറികളാണ്. സംരക്ഷിത വനമേഖകളോടും പരിസ്ഥിതി ലോല പ്രദേശങ്ങളോടും മതിയായ ദൂരപരിധി പാലിക്കാതെയാണ് ഖനനം നടത്തുന്നത്. ഇതിനെതിരെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും നിരവധി പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും  നടത്തിയിരുന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ നപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെൻട്രൽ പൊയിലൂരിലെ സമരവേദിയിൽ സാംസ്കാരിക സാമൂഹിക പ്രവർത്തകരും പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിച്ചേരുന്നുണ്ട്. 

കഴിഞ്ഞ ദിവസം സമരക്കാർക്കെതിരെ പൊലിസ് നടപടിയുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ളവർക്ക് പരിക്ക് പറ്റി ചികിത്സ തേടുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥരും പൊലിസും ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാടാണ് സ്വീക്കുന്നതെന്ന് സമര സമിതി നേതാക്കളും നാട്ടുകാരും പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ