അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാൻ ഇടം തെരഞ്ഞ് ബിജെപി; 40 മണ്ഡലങ്ങൾ 'എ' കാറ്റഗറിയിൽ


bjp abdulkutty


പ്രത്യേക ലേഖകൻ


കണ്ണൂർ >

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടം തേടി ബിജെപി. ന്യൂനപക്ഷവിഭാഗമെന്ന നിലയിൽ അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യം ദേശിയ രാഷ്ട്രീയത്തിൽ ബിജെപി ക്ക് മുതൽകൂട്ടാവുമെങ്കിലും കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് അത്രമേൽ പ്രാധാന്യം ലഭിക്കാനിടയില്ല എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. 


ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കഴിഞ്ഞ ദിവസത്തെ 

കേരള സന്ദർശനത്തോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ദേശിയ ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടിയെ എവിടെ പരിഗണിക്കണം എന്ന കാര്യത്തിൽ നേതൃത്വം ആശയക്കുഴപ്പം നേരിടുന്നത്.


മണ്ഡലം കമ്മറ്റികൾ തയാറാക്കി നൽകുന്ന ലിസ്റ്റുകൾ സംസ്ഥാന നേതൃത്വം പരിശോധിച്ച് യോഗ്യരായവരുടെ ചുരുക്കപട്ടിക തയാറാക്കും. പിന്നീട് ആർഎസ്എസ് നേതൃത്വവുമായി ചർച്ച ചെയ്താണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്.

മണ്ഡലങ്ങളുടെ പൾസ് മനസിലാക്കി സ്ഥാനാർഥി നിർണയം നടത്തുന്നതിന് ബിജെപി ക്കായി വിവിധ ഏജൻസികൾ സർവേ ആരംഭിച്ചിട്ടുമുണ്ട്. 


ഇത് പ്രകാരം സംസ്ഥാനത്ത് 40 നിയമസഭാ മണ്ഡലങ്ങൾ 'എ' കാറ്റഗറിയിലാണ് ഉൾപെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വോട്ട് വിഹിതം ലഭിച്ചതും വിജയസാധ്യത ഉള്ളതുമായ മണ്ഡലങ്ങളാണ് 'എ' കാറ്റഗറിയിൽ ഉൾപെടുന്നത്. ഇത്തരം മണ്ഡലങ്ങളിൽ താരമൂല്യമേറിയ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.


കണ്ണൂർ ജില്ലയിൽ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളാണ് 'എ' കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച തുക തിരികെ കിട്ടിയ ഏക മണ്ഡലം കൂടിയാണ് തലശ്ശേരി. അതോടൊപ്പം ബിജെപി പോക്കറ്റുകൾ കൂടതലായുള്ള പാനൂർ ഉൾപെടുന്ന കൂത്തുപറമ്പ് മണ്ഡലവും നേതൃത്വം പ്രതീക്ഷയോടെ കാണുന്നു.


ന്യൂനപക്ഷ വോട്ടുകൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയായ തലശ്ശേരിയിൽ ന്യൂനപക്ഷവിഭാത്തിൽ ഉൾപെടുന്ന ദേശിയ ഉപാധ്യക്ഷനെ തന്നെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നു. രണ്ട് വട്ടം സിപിഎം ടിക്കറ്റിൽ എംപിയും ഒരു വട്ടം കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ യുമായ അബ്ദുള്ളക്കുട്ടി കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായി തലശ്ശേരിയിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതേ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ വോട്ടിനായി ജനങ്ങളെ അഭിമുഖീകരിക്കുന്നതിലെ ജാള്യതയും ബിജെപിക്കുണ്ട്.


ജില്ലയിൽ അബ്ദുള്ളക്കുട്ടിക്ക് ബഹുജന സ്വാധീനം വളരെ കുറവാണ്.

അവസരവാദ രാഷ്ട്രീയക്കാരൻ എന്ന ലേബലിൽ അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് തന്നെ ഏറെ കോട്ടം തട്ടിയിട്ടുണ്ട്. ഇത് തലശ്ശേരിയിലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാതിരിക്കാൻ കാരണമാവുമോ എന്നും നേതൃത്വം വിലയിരുത്തുന്നു.


ബിജെപി, സംഘപരിവാർ പ്രവർത്തകർക്കിടയിലും ചില നേതാക്കളിലും അബ്ദുള്ളക്കുട്ടിയെ കെട്ടിയിറക്കിയതിൽ നീരസമുണ്ട്. ഭൂരിപക്ഷ വോട്ടു ബാങ്കുകളെയും ഇത് ദോഷകരമായി ബാധിക്കാൻ ബിജെപി ഏറെ സാധ്യത കാണുന്നു.

അങ്ങനെയെങ്കിൽ ബിജെപി നേതാക്കളായ സി കെ പത്മനാഭൻ, സദാനന്ദൻ മാസ്റ്റർ, എൻ ഹരിദാസ് എന്നിവരെയാണ് തലശ്ശേരി മണ്ഡലത്തിൽ ആലോചിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലേക്കും സദാനന്ദൻ മാസ്റ്ററെ പരിഗണിക്കുന്നുണ്ട്.


സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും കൂടുതലായുള്ള കണ്ണൂർ മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടിയെ പരിഗണിക്കാനുള്ള ആലോചനയും പുരോഗമിക്കുന്നു. കാസർഗോഡ് ജില്ലയിലെ സാധ്യതയേറിയ മണ്ഡലവും അബ്ദുള്ളക്കുട്ടിക്കായി പരിഗണിക്കുന്നുണ്ട്. മത്സര രംഗത്തേക്ക് ഇറങ്ങുകയാണെങ്കിൽ അബ്ദുള്ളക്കുട്ടിക്ക് അതൊരു അതിജീവന പോരാട്ടം കൂടിയാകും. ദേശിയ നേതാവ് എന്ന നിലയിൽ പരമാവധി വോട്ടു നേടുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിലനിൽപിൻ്റെ കൂടി പ്രശ്നമാണ്. 

Post a Comment

വളരെ പുതിയ വളരെ പഴയ