കാസർഗോഡ് >
എൽഡിഎഫ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കാസര്‍ഗോഡ് - തിരുവനന്തപുരം മലയോര ഹെെവേയുടെ ആദ്യ ഘട്ടമായ ചെറുപുഴ - വള്ളിത്തോട് റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് പകൽ 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലെെനായി നിർവഹിക്കും. പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്ക് മുഖ്യാത്ഥിയാവും.
കാസർകോട് ജില്ലയിലെ നന്ദാരപടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ 1251 കിലോമീറ്ററിലാണ് നിർദിഷ്ട മലയോര ഹെെവേയുടെ നിർമാണം. സംസ്ഥാന പാത 59 എന്നും ഈ പാത അറിയപ്പെടും. സംസ്ഥാനത്ത് ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും നിർദിഷ്ട ഹൈവേ കടന്ന് പോകും. കോഴിക്കോട്, വയനാട് ജില്ലകളിൽ സമാന്തരമായാണ് പാത പോകുന്നത്. ഇവ മലപ്പുറം ജില്ലയിൽ സംഗമിക്കും. 45- റീച്ചുകളിലായാണ് മലയോര ഹൈവേയുടെ നിര്‍മ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. 2017–ലെ ബജറ്റിൽ കിഫ്‌ബിയിൽ ഉള്‍പെടുത്തി 3500 കോടി രൂപ
അനുവദിച്ചിരുന്നു. വിവിധ ജില്ലകളിലായി മുപ്പതിലധികം റീച്ചുകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ബാക്കിയുള്ള റീച്ചുകളുടെ ടെന്‍ഡര്‍ നടപടികള്‍ നടക്കുന്നുണ്ട്.
ഹൈവേയുടെ ആദ്യ റീച്ച് ആയ ചെറുപുഴ മുതൽ വള്ളിത്തോടു വരെയുള്ള 64.5 കിലോമീറ്ററാണ് നിലവിൽ പൂർത്തിയായത്. ചെറുപുഴ മുതൽ അരങ്ങം വരെയും കരുവഞ്ചാൽ മുതൽ ചെമ്പേരിക്കടുത്ത് പുറഞ്ഞാൺവരെയും പയ്യാവൂർ മുതൽ ഉളിക്കൽ വരെയും കൂമന്തോട് മുതൽ വള്ളിത്തോട് വരെയും 49 കിലോമീറ്റർ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി പുതുതായി നിർമിച്ചത്.
12 മീറ്റർ വീതിയുള്ള റോഡിൽ ഏഴു മീറ്റർ വീതിയിലാണ് ടാറിട്ടത്. വെള്ളം കുത്തിയൊഴുകുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ഇതൊഴുകി പോകുന്നതിന് കൂടുതൽ ശേഷിയുള്ള ഓവുചാൽ നിർമിച്ചിട്ടുണ്ട്. വലിയ പാലങ്ങളൊന്നം നിർമിക്കേണ്ടിവന്നില്ല. 65 കലുങ്കുകൾ പണിതു.
മഴക്കെടുതിയിൽ ഉളിക്കൽ ഭാഗത്ത് റോഡ് ഇടിഞ്ഞത് മാറ്റിപ്പണിതു. രണ്ടു കോടിയോളം രൂപയുടെ അധികച്ചെലവാണിതു
കാരണം ഉണ്ടായതെന്ന് കരാറുകാർ പറയുന്നു. 190 കോടി രൂപയുടെ അടങ്കലുള്ള റോഡ് പണി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കുന്നത്. 500 തൊഴിലാളികൾ മൂന്ന് വർഷം മൂന്ന് ക്യാമ്പുകളിലായി താമസിച്ചാണ് പണി നടത്തിയത്. ചെറുപുഴ ചെക്കിച്ചേരി, നടുവിൽ, പയ്യാവൂർ കാക്കത്തോട് എന്നിവിടങ്ങളിൽ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു. ക്യാമ്പുകളിലേക്കാവശ്യമായ പച്ചക്കറി തൊഴിലാളികൾതന്നെ കൃഷിചെയ്തു.
വള്ളിത്തോട് മുതൽ ചെറുപുഴ വരെയുള്ള ഹൈവേ പൂർത്തിയാകുന്നതിന് മുൻപുതന്നെ ചെറുപുഴയിൽനിന്ന് കാസർകോട് ജില്ലയിലെ കോളിച്ചാലിലേക്ക് മലയോര ഹൈവേ നീട്ടുന്നത് ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റി തന്നെ ഏറ്റെടുത്തുനടത്തുന്ന ഈ പണി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. കാസർകോട് ജില്ലയിൽ മലയോര ഹൈവേയുടെ ഒരു ഭാഗമാണിത്. 33 കിലോമീറ്ററാണ് നീളം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ