അർബുദത്തെ കേരളം ജയിക്കുമോ..?മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

സ്വന്തം ലേഖകൻ

തലശ്ശേരി >
"10 വർഷം മുമ്പ് ഒരു ഒമ്പതാം ക്ലാസുകാരി കാലിന്റെ എല്ലിന് അർബുദം ബാധിച്ച് എം.സി.സി.യിലെത്തി. ശസ്ത്രക്രിയ നടത്തി വലിയൊരുഭാഗം നീക്കി ടൈറ്റാനിയം റോഡ് പിടിപ്പിച്ചു. അന്നുരാത്രി അവൾക്ക് രക്തസ്രാവമുണ്ടായി അത്യാസന്ന നിലയിലായി. ഞങ്ങളെല്ലാം ഭയന്നു. രാത്രി എല്ലാവരും അവൾക്കൊപ്പമിരുന്നു. പിറ്റേന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി രോഗമുക്തയായ അവൾ ഇന്ന് ഐ.ടി.എൻജിനീയറാണ്.
അർബുദം ഒരു ജനിതക രോഗമാണ്‌. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന അപകടകരമായ മാറ്റങ്ങള്‍ ഇതിനു കാരണമാകുന്നു. ചികിത്സിച്ചാല്‍ ഭേദമാവുന്ന രോഗമാണ് അർബുദം എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷെ രോഗത്തിന്റെ ആരംഭദശയില്‍ കണ്ടെത്തുന്നതാണ്‌ ഏറ്റവും നല്ലത്. കൂടാതെ ചികിത്സ ശാസ്ത്രീയമായുള്ള രീതിയില്‍ ആയിരിക്കണമെന്നതും പ്രധാനമാണ്‌. പുകവലി മൂലമുള്ള അർബുദബാധ കുറഞ്ഞെങ്കിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരിലുള്ള രോഗബാധ യുവാക്കളിലടക്കം കൂടിവരികയാണ്. പുതിയ പ്രവണതയെന്നോണം മദ്യപാനം മൂലമുള്ള രോഗബാധയും ഇപ്പോൾ കണ്ടു വരുന്നു". 

പ്രതിദിനം കാൻസർ രോഗത്തിലുണ്ടാകുന്ന ഭയാനകമായ വളർച്ചയും കാരണങ്ങളും ചികിത്സാ രീതികളെക്കുറിച്ചും മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യവുമായി നടത്തിയ അഭിമുഖം.


എന്താണ് കേരളത്തെ സംബന്ധിച്ച് അർബുദരോഗത്തിലേക്ക് നയിക്കുന്നത്?

അർബുദം പൊതുവെ പ്രായമായവരിൽ കണ്ടുവരുന്ന രോഗമാണ്. ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് അർബുദത്തിനുള്ള സാധ്യതയും കൂടും. കൂടാതെ കേരളീയരുടെ ജീവിത ശൈലിയിലുള്ള വ്യതിയാനങ്ങളും രോഗം കൂടുതലായി കണ്ടുവരുന്നതിനൊരു കാരണമാണ്‌. ഭക്ഷണരീതിയിലെ മാറ്റം,വ്യായാമം, പുകയില,മദ്യം എന്നിവയുടെ ഉപയോഗം ഇതുമായി ബന്ധപ്പെട്ടതാണ്
 

സമീപകാലത്ത് അർബുദചികിത്സയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട് ?

അർബുദചികിത്സയ്ക്കും അത് കണ്ടെത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. മുൻകാലങ്ങളിൽ അർബുദ ചികിത്സയ്ക്കായി കേരളത്തിനു പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കുന്നതായിരുന്നു സ്ഥിതി. ഇന്ന് ബഹുഭൂരിഭാഗം രോഗികളും കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെയാണ്‌ ഉപയോഗിക്കുന്നത്. ഇവയൊക്കെ അർബുദരോഗികളുടെ എണ്ണം കൂടിയതായ പ്രതീതി നൽകുന്നുണ്ട്.


കേരളത്തിന്റെ നേട്ടം എന്താണ്?

ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രെസിഷന്‍ മെഡിസിന്‍ എന്ന ചികിത്സാ വിഭാഗത്തിന്റെ ആവിർഭാവമാണ്‌. അർബുദം ഒരു ജനിതക രോഗമാണ്‌. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന അപകടകരമായ മാറ്റങ്ങള്‍ ഇതിനു കാരണമാകുന്നു. ചില ജീനുകളുടെ പ്രവര്‍ത്തനം കൂടുകയോ അവതാളത്തിലാവുകയോ ചെയ്യുന്നത് കോശങ്ങളുടെ വിഭജന ശേഷി വർധിപ്പിക്കുന്നു. ഇന്ന് ഗവേഷണങ്ങള്‍ മിക്കവയും ഈ മാറ്റങ്ങളില്‍ ഊന്നിയാണ്‌. ഈ ജീനുകളിലെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ നോക്കി മരുന്നു വികസിപ്പിക്കുകയും അവ ഉപയോഗിച്ച് അർബുദ കോശങ്ങളെ മാത്രം നശിപ്പിക്കുന്നത് സമീപകാലത്തെ പുതിയ ചികിത്സാ രീതിയാണ്. ഇതോടൊപ്പം ഇമ്മ്യൂണോ തെറാപ്പി അർബുദ കോശങ്ങളിലെ ആൻ്റിജന്‍ ഉപയോഗിച്ചുള്ള വാക്സിനുകളും കൃത്യതയോടെ ചികിത്സിക്കുന്ന റേഡിയേഷന്‍ ചികിത്സാ സംവിധാനങ്ങള്‍, ശസ്ത്രക്രിയയിലുള്ള മാറ്റങ്ങള്‍ എന്നിവ എടുത്തുപറയാന്‍ കഴിയുന്നവയാണ്‌. നമ്മുടെ നാട്ടില്‍ ഭൂരിഭാഗം രോഗികളും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ്‌ ചികിത്സയ്ക്കെത്തുന്നത്. അതുകൊണ്ട് വിവിധ ചികിത്സാരീതികൾ പ്രയോഗിക്കേണ്ടി വരുന്നു.


അർബുദം ചികിത്സിച്ചാല്‍ ഭേദമാകുന്നതാണോ?

ചികിത്സിച്ചാല്‍ ഭേദമാവുന്ന രോഗമാണെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷെ രോഗത്തിന്റെ ആരംഭദശയില്‍ കണ്ടെത്തുന്നതാണ്‌ ഏറ്റവും നല്ലത്. കൂടാതെ ചികിത്സ ശാസ്ത്രീയമായുള്ള രീതിയില്‍ ആയിരിക്കണമെന്നതും പ്രധാനമാണ്‌. അർബുദ ശസ്ത്രകിയ, മരുന്നുകള്‍ കൊണ്ടുള്ള കീമോ തെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവയാണ്‌ ചികിത്സ. കൃത്യമായി അർബുദം കണ്ടുപിടിക്കുക, അതിൻ്റെ വകഭേദങ്ങള്‍ തിരിച്ചറിയുക,ജനിതക മാറ്റങ്ങളെ മനസ്സിലാക്കി വിവിധ ചികിത്സാ മേഖലയിലെ വിദഗ്ധനും രോഗനിർണയ വിദഗ്ധനും ചേർന്ന മൾട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോർഡിലെ ചർച്ചകളിലൂടെ ചികിത്സ നടപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്‌.


മൾട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് അർബുദം ചികിത്സിക്കുന്ന ആശുപത്രികളിലും നിർബന്ധമായി ആവശ്യമായ സംവിധാനമാണോ?

 തീർച്ചയായും. ശാസ്ത്രീയമായ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ്. ഒരു രോഗിയുടെ ചികിത്സ ആരംഭിക്കുന്നതിനു മുന്പ് തന്നെ വിവിധ ചികിത്സ മേഖലയിലുള്ള വിദഗ്ദര്‍ ഒരുമിച്ചിരുന്ന് രോഗവിവരങ്ങള്‍ വിശദമായി പഠിക്കുന്നു. ചികിത്സ പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ നിശ്ചയിക്കുന്നതാണ്‌ പ്രസ്തുത കമ്മിറ്റിയുടെ പ്രവർത്തനം. സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ കാന്സര്‍ ചികിത്സ കേന്ദ്രങ്ങളിലും മൾട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് ഉണ്ടായിരിക്കണമെന്ന് കേരള സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.  


അർബുദം ഭേദമായെന്നു പറയുന്നത് എപ്പോഴാണ്?

അർബുദ ചികിത്സ കഴിഞ്ഞതിനുശേഷം രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ തരണം ചെയ്യുമ്പോഴാണ് സാധാരണ ഗതിയില്‍ ഭേദമായെന്നു പറയുന്നത്.


കേളത്തിൽ എത്രത്തോളം രോഗികൾ സർക്കാർ മേഖലയെ ആശ്രയിക്കുന്നു?

ഏകദേശം 65 ശതമാനം രോഗികളും സർക്കാര്‍ മേഖലയെ ആശ്രയിക്കുന്നു. 
ഇന്ന് ഇന്ത്യയില്‍ അർബുദ ചികിത്സാ സംവിധാനങ്ങള്‍ ഏറ്റവും മികച്ച രീതിയിലുള്ള സംസ്ഥാനമാണ്‌ കേരളം. കേരളത്തില്‍ ഇന്ന് മൂന്ന് ഉന്നത ചികിത്സാ കേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളിലും ചികിത്സാ കേന്ദ്രങ്ങളുമുണ്ട്. കൊച്ചിന്‍ കാൻസര്‍ സെന്റർ പൂർത്തി യാകുന്നതോടെ മധ്യകേരളത്തിലെ ഏറ്റവും മികച്ച ചികിത്സാ ഗവേഷണ കേന്ദ്രമായി മാറും. കേരളത്തില്‍ ഇന്ന് ചികിത്സക്കു മാത്രമല്ല അർബുദ ഗവേഷണങ്ങൾക്കും മികച്ച ഊന്നല്‍ നൽകി വരുന്നുണ്ട്. മിക്ക ജില്ലാ ആസ്പത്രികളിലും ചില താലൂക്ക് ആസ്പത്രികളിലും പാലിയേറ്റീവ് കീമോതെറാപ്പി സംവിധാനമുണ്ട് എന്നത് അഭിമാനകരമാണ്. ഇത് രോഗികൾക്ക് അവരുടെ വാസസ്ഥലങ്ങൾക്കടുത്ത് തന്നെ ചികിത്സ ലഭ്യമാകുന്ന അവസ്ഥയുണ്ടാക്കി. കൂടാതെ അർബുദം നേരത്തെ കണ്ടുപിടിക്കാനുള്ള സവിധാനങ്ങളും വിവിധ തലത്തില്‍ എർപ്പെടുത്തിയിട്ടുണ്ട്.  

മറക്കാനാകാത്ത ചില അനുഭവങ്ങൾ? 

10 വർഷം മുമ്പ് ഒരു ഒമ്പതാം ക്ലാസുകാരി കാലിന്റെ എല്ലിന് അർബുദം ബാധിച്ച് എം.സി.സി.യിലെത്തി. ശസ്ത്രക്രിയ നടത്തി വലിയൊരുഭാഗം നീക്കി ടൈറ്റാനിയം റോഡ് പിടിപ്പിച്ചു. അന്നുരാത്രി അവൾക്ക് രക്തസ്രാവമുണ്ടായി അത്യാസന്ന നിലയിലായി. ഞങ്ങളെല്ലാം ഭയന്നു. രാത്രി എല്ലാവരും അവൾക്കൊപ്പമിരുന്നു. പിറ്റേന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി രോഗമുക്തയായ അവൾ ഇന്ന് ഐ.ടി.എൻജിനീയറാണ്. ഡ്രൈവിങ് ലൈസൻസ് എടുക്കട്ടെയെന്ന് ചോദിച്ച് അവൾ വിളിച്ചിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്കിടെ മിക്ക രോഗികളുമായും ഒരു ആത്മബന്ധം രൂപപ്പെടാറുണ്ട്.  
മനക്കരുത്ത് കൊണ്ട് അതിജീവിച്ചവരുണ്ട്. കഠിനമായ ചികിത്സകളെ വളരെ ഉത്കണ്ഠയില്ലാതെ ശാന്തമായി ചിരിച്ചുകൊണ്ടുനേരിട്ടവരുണ്ട്. വൻകിട കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ റേഡിയേഷന് തൊട്ടുമുമ്പുവരെ മുറിക്കുപുറത്തിരുന്ന ലാപ് ടോപ്പിൽ ജോലി ചെയ്യുന്നതുകണ്ടിട്ടുണ്ട്. ഇത് ചികിത്സകർക്കും പ്രചോദനമാണ്. ചികിത്സകർ നേരിടുന്ന മാനസിക പ്രയാസം അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ്. 


രോഗം അതിജീവിച്ചവർക്കായുള്ള ഇടപെടലുകളെന്തൊക്കെയാണ് ?

അർബുദം ഭേദമായ ധാരാളം പേര്‍ സമൂഹത്തിലുണ്ട്. എം.സി.സി.യിൽ രോഗം ഭേദമായവർക്കായി വിവിധ കൂട്ടായ്മകള്‍ പ്രവർത്തിച്ചു വരുന്നുണ്ട്. സ്തനാർബുദം അതിജീവിച്ചവരുടെ കൂട്ടായ്മയായ തേജസ്,മജ്ജ മാറ്റിവെക്കല്‍ അതിജീവിച്ചവരുടെ നവജീവന്‍ എന്നിവയാണ്‌ അവയില്‍ പ്രധാനപ്പെട്ടവ. രോഗം ഭേദമായവര്‍ പലരും എം.സി.സി.യില്‍ ചികിത്സക്ക് വരുന്നവര്‍ മാനസികമായ തയ്യാറെടുപ്പിനായി സഹായിക്കുന്നുവെന്നത് വളരെ അഭിമാനകരമാണ്‌.


പുതിയ പ്രവണതകളെന്തൊക്കെയാണ് ?

 മദ്യപാനം മൂലമുള്ള രോഗബാധ കൂടിവരുന്നത് ഇപ്പോൾ കണ്ടുവരുന്നുണ്ട്. പുകവലി മൂലമുള്ള അർബുദബാധ കുറഞ്ഞെങ്കിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരിലുള്ള രോഗബാധ യുവാക്കളിലടക്കം കൂടിവരികയാണ്. പാരമ്പര്യഘടകങ്ങളാൽ രോഗബാധിതരാകുന്നത് 10 ശതമാനത്തിന് മാത്രമാണ്. 

Post a Comment

വളരെ പുതിയ വളരെ പഴയ