വാക്സിൻ ഉൽപാദനം; ഇന്ത്യയുടെ ശേഷിയെ പ്രശംസിച്ച് യു എൻ


പൂനെ >
ഇന്ത്യയുടെ വാക്‌സിൻ ഉൽപാദന വിതരണ ശേഷിയെ പ്രശംസിച്ച്  യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്ത് ഇന്നുള്ളതിൽ വച്ച് ഏറ്റവും മികവുറ്റ വാക്സിൻ ഉൽപാദന ശേഷി ഇന്ത്യക്കാണെന്നും വാക്സിൻ കാമ്പയിൻ പ്രവർത്തനത്തിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കയറ്റി അയച്ചതിന് പിന്നാലെയാണ് യുഎന്‍ സെക്രട്ടറി ജനറൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.

1.5 ലക്ഷം ഡോസുകള്‍ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകള്‍ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകള്‍ സീഷെല്‍സിനും 5 ലക്ഷം ഡോസുകള്‍ ശ്രീലങ്കയ്ക്കും ഇന്ത്യ നല്‍കിയിരുന്നു.

കൂടാതെ സൗദിയിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റി അയക്കാനൊരുങ്ങുകയാണ്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്‍ 5.25 യുഎസ് ഡോളര്‍ നിരക്കില്‍ 30 ലക്ഷം ഡോസുകളാണ് സൗദിക്ക് നല്‍കുക. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്സീന്‍ ഡോസുകള്‍ സൗദിക്കു കയറ്റി അയയ്ക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവല്ല പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്സീനുകള്‍ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സീന്‍ ഡോസുകള്‍ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്സീന്‍ വാങ്ങിയത്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനം നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് . ഇതു മാര്‍ച്ച്‌ അവസാനത്തോടെ 30% വര്‍ധിപ്പിക്കാനാണ് തീരുമാനം.

Post a Comment

വളരെ പുതിയ വളരെ പഴയ