പയ്യന്നൂർ താലൂക് ഓഫീസിന് പുതിയ കെട്ടിടം ; മന്ത്രി ഇ ചന്ദ്രശേഖരൻ തറക്കല്ലിട്ടു.


പയ്യന്നൂര്‍ താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ടു

പയ്യന്നൂര്‍ താലൂക്ക് ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ- ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വികസന കാര്യത്തില്‍ തെക്ക് വടക്ക് ഭേദമില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ഉത്തര മലബാറിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ നടന്നുവരുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ മനുഷ്യ സാധ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാ മണ്ഡലങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ മികവോടെ നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചെന്നും മന്ത്രി പറഞ്ഞു.
രണ്ടരക്കോടി രൂപ ചിലവഴിച്ച് മൂന്ന് നിലകളിലായാണ് പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. പയ്യന്നൂരിന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു സ്വന്തമായൊരു താലൂക്ക് ഓഫീസ് എന്നത്. പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനിലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തിച്ചു വരുന്നത്. പയ്യന്നൂര്‍ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയെ കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുക. താഴത്തെ നിലയില്‍ വില്ലേജ് ഓഫീസും പ്രവര്‍ത്തിക്കും.
സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. ടി വി രാജേഷ് എംഎല്‍എ വിശിഷ്ടാതിഥിതിയായി. ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, നഗരസഭാധ്യക്ഷ കെ വി ലളിത, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജര്‍, നഗരസഭ കൗണ്‍സലര്‍ എം പി ചിത്ര, തളിപ്പറമ്പ് ആര്‍ ഡി ഒ സൈമണ്‍ ഫെര്‍ണാണ്ടസ്, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ