കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടിയിരിക്കില്ല ; കെ സി വേണുഗോപാൽ





ഡൽഹി >
കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് കോൺഗ്രസ്‌ നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. ഇന്നലെയും ഇന്നുമായി സിംഗുവിലെ സമരകേന്ദ്രത്തിൽ കർഷകർക്ക് നേരെ ചിലർ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

രണ്ട് മാസത്തിലേറെയായി കർഷകർ നടത്തുന്ന സഹനസമരത്തെ വൈദ്യുതി ബന്ധവും ഇന്റർനെറ്റും വിച്ഛേദിച്ചും ജല വിതരണം തടസപ്പെടുത്തിയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതികഠിനമായ ശൈത്യത്തിലും സഹന സമരം നടത്തുന്ന കർഷകരെ ഇത് കൊണ്ടൊന്നും പിന്തിരിപ്പിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചിലർ ഇന്ന് സിംഗുവിൽ കർഷകർക്കെതിരെ അതിക്രമം നടത്തിയത്. വളരെ ആസൂത്രിതമായി ആർഎസ്എസും ബിജെപി യും കർഷക പ്രക്ഷോഭത്തെ കായികമായി നേരിടുകയാണ്. ഇത് കൈയും കെട്ടി നോക്കി നിൽക്കാൻ കോൺഗ്രസിന് ആവില്ല. മറ്റു രാഷ്ട്രീയ കക്ഷികൾക്കും ഇത്തരം അതിക്രമങ്ങൾ നോക്കി നിൽക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ പാർലമെൻ്റ് സമ്മേളനങ്ങൾ നടക്കാൻ പോവുകയാണ്. കർഷകസമരത്തിൻ്റെ അലയൊലികൾ ഇരു സഭകളിലുമുണ്ടാകും. സ്വന്തം കൃഷിഭൂമി സംരക്ഷിക്കാനുള്ള സമരത്തിൽ കർഷകരോട് കേന്ദ്ര സർക്കാർ തോൽവി സമ്മതിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ