സര്‍ക്കാരിന്റെ ലക്ഷ്യം തൊഴില്‍ രഹിതരില്ലാത്ത കേരളം-മന്ത്രി ഇ പി ജയരാജന്‍.



ഇരിണാവ് >
തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇരിണാവില്‍ ആരംഭിച്ച വനിത വാള്‍ പുട്ടി നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇരുപത്തി ആറായിരത്തോളം പേര്‍ക്കാണ് വ്യവസായ വകുപ്പില്‍ തൊഴില്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് വനിതാ സഹകരണ  സംഘങ്ങള്‍ വഴി വാള്‍ പുട്ടി നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ പെരളശ്ശേരിയിലും ഇരിണാവിലുമാണ് നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചത്. ഒരു യൂണിറ്റില്‍ 15 ഓളം വനിതകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും. ഇരിണാവില്‍ തന്നെ ഒരു യൂണിറ്റ് കൂടി ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലകളിലും വാള്‍ പുട്ടി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചാല്‍ അതുവഴി 250   ഓളം വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയും. മുന്‍കാലങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ നേട്ടമാണ് വ്യവസായ വകുപ്പ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിന്റെ പാതയിലാണ് ട്രാവന്‍കൂര്‍, മലബാര്‍ സിമന്റ് കമ്പനികള്‍. 28 കോടിയോളം രൂപ ചെലവില്‍ നാടുകാണിയില്‍ ആരംഭിക്കുന്ന ഡൈയിംഗ് യൂണിറ്റ് നെയ്ത്ത് തൊഴിലാളികള്‍ക്ക് പുതുജീവന്‍ പകരും. ഇത്തരത്തില്‍ വ്യവസായ മേഖലയില്‍ സജീവ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടുവരുന്നത് - മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ സഹകരണത്തോടെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ വാള്‍പ്പുട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തോളം യൂണിറ്റുകളാണ് തുടങ്ങുക. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും അസംസ്‌കൃത വസ്തുക്കളും ട്രാവന്‍കൂര്‍ സിമന്റ്സ് നല്‍കും. തൊഴിലാളികള്‍ക്കാവശ്യമായ പരിശീലനവും നല്‍കും. ഉല്‍പ്പാദിപ്പിക്കുന്ന വാള്‍പ്പുട്ടി, ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ബ്രാന്‍ഡില്‍  വിപണിയില്‍ എത്തിക്കും.
പാപ്പിനിശ്ശേരി ഏരിയ വനിത മള്‍ട്ടി വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇരിണാവില്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. ഇരിണാവ് വീവേഴ്‌സ് കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍ കുമാറിന് നല്‍കി മന്ത്രി ലോഗോ പ്രകാശനം നിര്‍വഹിച്ചു. ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ് സന്തോഷ് പദ്ധതി വിശദീകരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍, പാപ്പിനിശേരി ഏരിയ വനിത മള്‍ട്ടി വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് ഇ പി ഓമന, ഓണററി സെക്രട്ടറി സി റീന, ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ എസ് ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ