കളമശ്ശേരിയിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; പ്രതികളിലൊരാൾ തൂങ്ങി മരിച്ചു.


കളമശ്ശേരി >
ലഹരി ഉപയോഗം വീടുകളിൽ അറിയിച്ചതിന് കളമശ്ശേരിയിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി പാട്ടുപറമ്പിൽ പോളിൻ്റെ മകൻ നിഖിൽ പോളാണ്(17) ഇന്ന് രാവിലെ 8.30 ഓടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതശരീരം മഞ്ഞുമ്മൽ സെൻ്റ് ജോസഫ് ആശുപത്രിയിൽ.

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മർദ്ദിച്ചത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പൊലിസ് അറിയിച്ചു.

ക്രൂര മർദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലിൽ മുട്ടുകുത്തി നിർത്തിയായിരുന്നു മർദനം. നഗ്നനാക്കി നിർത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികൾ ദേഷ്യം തീർത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിർത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടർന്നു. അവശനായ കുട്ടി ചികിൽസ തേടിയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.

പ്രതികളിരൊരാൾ തന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവർക്കെതിരേ കേസെടുക്കുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ