പുഴ കരയെടുക്കുന്നതായി പരാതി; നടപടി സ്വീകരിക്കണമെന്ന് ആവശ്യം

കെട്ടിടങ്ങൾക്കും ഭീഷണി

ധർമടം: പാറപ്രത്തു നിന്നും മേലൂർ പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയോരത്താണ് വലിയ തോതിൽ കരയിടിയുന്നതായി പരാതി. മമ്മാക്കുന്ന് പാലത്തിന് സമീപം അഞ്ചരക്കണ്ടി പുഴയുമായി യോജിക്കുന്ന സ്ഥലത്താണ് കരയടിച്ചിൽ. ധർമടം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള വീടിനും കെട്ടിടത്തിനും ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ബി. സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള ജയസ് നിവാസ് എന്ന വീടും മുമ്പ് ധർമടം യന്ത്രവൽകൃത ചകിരി കോപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിച്ചിരുന്ന കെട്ടിടവുമാണ് കരയിടിച്ചിൽ മൂലം അപകട ഭീഷണി നേരിടുന്നത്. കൂടാതെ മറ്റ് പലരുടെയും ഭൂമിയും പുഴയെടുത്തു. സുരേന്ദ്രന്റെ വീടിന് പിൻവശത്ത് മീറ്ററുകളോളം പുഴ കയറിയിട്ടുണ്ട്. യന്ത്രവൽകൃത ചകിരി കോപ്പറേറ്റീവ് സൊസൈറ്റി നിലവിൽ പ്രവർത്തിക്കുന്നില്ല.
2018- 19 വർഷങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സൊസൈറ്റിയിൽ വെള്ളം കയറി നാശനഷ്ടമുണ്ടായതാണ് പ്രവർത്തനം നിലക്കാൻ കാരണം. തുടർന്ന് യന്ത്രങ്ങൾ പുനസ്ഥാപിച്ചു നൽകാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അന്ന് സൊസൈറ്റിയുടെ കരയും വലിയ തോതിൽ പുഴയെടുത്തിരുന്നു. 

എന്നാൽ എത്രയും പെട്ടെന്ന് സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. പുഴ കയറുന്നത് ഈ കെട്ടിടത്തിനും നിലവിൽ ഭീഷണിയിലാണ്. സൊസൈറ്റിയുടെ പിറകുവശത്തായി സ്ഥിതി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ശുചിമുറി ഒരു ഭാഗം ചരിഞ്ഞ് ഏതുനിമിഷവും പുഴയിലേക്ക് പതിക്കാമെന്ന നിലയിലാണുള്ളത് ശുചിമുറിയുടെ ടാങ്ക് പകുതിയും പുഴയെടുത്ത് കഴിഞ്ഞു. അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ സമീപഭാവിയിൽ തന്നെ കരയിടിഞ്ഞ് കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയോ തകർന്നു വീഴാൻ വരെയോ സാധ്യതയുണ്ട്. സുരേന്ദ്രന്റെ വീടും സ്ഥലവും സംരക്ഷിക്കുന്നതിനും യന്ത്രവൽകൃത ചകിരി കോപ്പറേറ്റീവ് സൊസൈറ്റി തുറന്നു പ്രവർത്തിക്കുന്നതിനും പുഴയുടെ വശം സംരക്ഷണഭിത്തി സ്ഥാപിച്ച് കരയെടുപ്പ് തടയണം. എങ്കിൽ മാത്രമേ തൻ്റെ വീട്ടിൽ സമാധാനത്തോടെ താമസിക്കാൻ ആവുകയുള്ളൂ എന്ന് സുരേന്ദ്രനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കി സൊസൈറ്റി പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കു എന്ന് യന്ത്രവൽകൃത ചകിരി കോപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളും പറയുന്നു.

ബി. സുരേന്ദ്രൻ
(ജയസ് നിവാസ്)

പുഴക്ക് നല്ല ആഴമുണ്ട്. പുഴയിലെ ഒഴുക്കും ശക്തമായ മഴയും വലിയ രീതിയിൽ കരയെടുക്കാൻ കാരണമാകുന്നു. ഈ ഭാഗത്ത് സധൈര്യം പോകാൻ സാധിക്കുന്നില്ല. വീടിൻ്റെ പിറകുവശത്ത് നിലവിൽ വലിയതോതിൽ കരയിടിഞ്ഞു കഴിഞ്ഞു. ഇനിയും ഇത് തുടർന്നാൽ വീട് നിലംപൊത്തും. അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണം.

കണ്ടോത്ത് ഗോപി
(ഡി.സി.സി സെക്രട്ടറി, യന്ത്രവൽകൃത ചകിരി കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡൻ്റ്)

വലിയ രീതിയിൽ കരയിടിഞ്ഞ് സൊസൈറ്റിയുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ പ്രവർത്തനം എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. പുതിയ യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥാപിച്ച് കയർ പിരിയൽ പ്രവർത്തിയും ആലോചനയിലുണ്ട്. അതിനുമുമ്പ് എത്രയും പെട്ടെന്ന് കരയിടിച്ചൽ തടയാനുള്ള നടപടി ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണം. ജോലി ചെയ്യാൻ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. സർക്കാരിൽ അതിനു വേണ്ട ഇടപെടൽ നടത്തും.

Post a Comment

വളരെ പുതിയ വളരെ പഴയ