മലയാളികളെ പുസ്തകത്തിൽ നിന്ന് അകറ്റാൻ സാങ്കേതികവിദ്യകൾ കാരണമായി; ടി.ഡി. രാമകൃഷ്ണൻ

ധർമടം: സാങ്കേതിക വിദ്യയുടെ വളർച്ചയും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും പുസ്തക വായനയിൽ നിന്ന് മലയാളികളെ അകറ്റാൻ കാരണമായെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞു. പകരം സമൂഹമാധ്യമങ്ങളിൽ സമയം ചിലവിടുന്നത് വർധിച്ചു. സാഹിത്യ രചനകൾക്ക് വലിയ അധ്വാനവും ആത്മസമർപണവും ആവശ്യമുണ്ട്. സഹജീവികളുടെ ജീവിതം അടയാളപ്പെടുത്തുകയും കൃതികൾ ലളിതവും സുതാര്യവുമായി എഴുതുന്നതുമാണ് സാഹിത്യകാർ നേരിടുന്ന പ്രയാസം. വായനക്കാരുടെ പിന്തുണ കൂടുതൽ മികച്ച പുസ്തകങ്ങൾ എഴുതാൻ എഴുത്തുകാരെ സഹായിക്കും. വിവർത്തകരെ വേണ്ട രീതിയിൽ പരിഗണിക്കാറില്ലായിരുന്നു. എന്നാൽ അടുത്തകാലത്ത് ഇതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല രീതിയിൽ വിവർത്തകരെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധർമടം സർവീസ് സഹകരണ ബാങ്കിന്റെ പത്താമത് സാഹിത്യ പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എം.പി. കുമാരൻ സാഹിത്യ പുരസ്കാരം 
ടി.ഡി. രാമകൃഷ്ണന് ലഭിച്ചു. സാഹിത്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. നവാഗത എഴുത്തുകാരിക്കുള്ള വി.വി. രുഗ്മിണി ചെറുകഥാ പുരസ്കാരം ദേശാഭിമാനി വാരികയിലെ സീനിയർ സബ് എഡിറ്റർ ആർ. സ്വാതിയും നേടി. 10,000 രൂപയും മെമൻ്റോയുമാണ് പുരസ്കാരം. ചിറക്കുനിയിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനും മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപരുമായ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ കൈമാറി. ബാങ്ക് പ്രസിഡൻ്റ് ടി. അനിൽ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജിഷ ചാലിൽ പുസ്തക പ്രഭാഷണം നടത്തി. ടി.ഡി. രാമകൃഷ്ണൻ, ആർ. സ്വാതി, സി.പി. ഹരീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. പ്രഭാകരൻ, ധർമടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഗീതമ്മ, പുരസ്കാര സമിതി അംഗം കെ.കെ. രമേഷ്, ധർമടം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ എന്നിവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ