മേലൂരിൽ മമ്മാക്കുന്ന് പാലത്തിന് സമീപം ശ്മശാനത്തിനായി ഏറ്റെടുത്ത സ്ഥലം കാട് മൂടിയ നിലയിൽ
ധർമടം: ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്മശാനത്തിന്റെ അഭാവം ധർമടം പഞ്ചായത്തിലുള്ളവരെ വലയ്ക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഓരോ തവണയും പഞ്ചായത്ത് ഭരണസമിതികൾ സ്വന്തമായ ശ്മശാനം എന്ന ആവശ്യത്തിന് പടയൊരുക്കം നടത്തുമെങ്കിലും എന്നും പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. സ്ഥല ലഭ്യതയുടെ പരിമിതിയും ലഭ്യമായ സ്ഥലങ്ങളിലെ പ്രാദേശിക പ്രതിഷേധവും ഇതിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. 2008 ൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ശ്മശാനം നിർമ്മിക്കുന്നതിനായി ഒന്നാം വാർഡിൽ മമ്മാക്കുന്ന് പാലത്തിനു സമീപം സ്ഥലം വാങ്ങിയിരുന്നു.
എന്നാൽ പ്രാദേശികമായി ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാൽ നിർമ്മാണ പ്രവർത്തിക്ക് അന്നത്തെ ജില്ലാ കലക്ടർ സ്റ്റേ ഉത്തരവ് നൽകി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സമവായ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ശ്മശാനത്തിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താനും അന്ന് സാധിച്ചില്ല. തുടർന്ന് 2015ൽ അധികാരത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മുമ്പ് ഏറ്റെടുത്ത സ്ഥലത്ത് ശ്മശാനം നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആവശ്യമായ സാങ്കേതിക അനുമതികളടക്കം വാങ്ങി പ്രവൃത്തി ആരംഭിച്ചു. ഇതിനായി ഇവിടം മണ്ണിട്ട് ഉയർത്തുകയും മറ്റ് അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 20 ലക്ഷത്തിലധികം രൂപയാണ് ഇവിടെ ചിലവഴിച്ചത്. എന്നാൽ മമ്മാക്കുന്ന് പുഴയോട് ചേർന്ന് നിർമ്മിക്കുന്ന ശ്മശാനം തീരദേശ നിയന്ത്രണ ചട്ടം(സി.ആർ.സെസ് ) ലംഘിച്ചു എന്ന് കാണിച്ച് പ്രദേശവാസി കോടതിയെ സമീപിച്ചു. ഇതോടെയാണ് പഞ്ചായത്തിൻ്റെ ശ്മശാന നിർമ്മാണവും ചിലവഴിച്ച തുകയും വെള്ളത്തിൽ വരച്ച വരയായത്. തുടർന്നിങ്ങോട്ട് ശ്മശാനം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ഒന്നും ഫലം കണ്ടില്ല.
ഏറ്റെടുത്ത സ്ഥലമാകട്ടെ സാമൂഹ്യവിരുദ്ധർക്ക് മാലിന്യനിക്ഷേപിക്കാനുള്ള കേന്ദ്രവുമായി.
ശ്മശാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പതിറ്റാണ്ടുകളായി തങ്ങൾ നേരിടുകയാണ് എന്ന് ധർമടം പഞ്ചായത്ത് നിവാസികൾ പറയുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മറ്റ് ഇടങ്ങൾ തേടി പോകുന്നത് സമയ നഷ്ടവും സാമ്പത്തിക ചിലവും വർദ്ധിപ്പിക്കുന്നു. അതിനാൽ പഞ്ചായത്ത് പരിധിയിൽ തന്നെ എത്രയും പെട്ടെന്ന് ശ്മശാനം നിർമ്മിക്കാൻ ആവശ്യമായ ഇടപെടലുകൾ അധികൃതർ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആശ്രയം പിണറായി പന്തക്കപ്പാറ ശ്മശാനം
പിണറായി പന്തക്കപ്പാറ വാതക ശ്മശാനം
മുഴപ്പിലങ്ങാട്, പയ്യാമ്പലം, കണ്ടിക്കൽ എന്നിവിടങ്ങളിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകാറുണ്ട്. എന്നാൽ പ്രധാനമായും പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ വാതക ശ്മശാനത്തെയാണ് ആശ്രയിക്കാറ്. ദൂരക്കുറവും സൗകര്യവും കാരണമാണ് ഇത്.
പ്രതിദിനം ഒന്നു മുതൽ ആറുവരെ മൃതദേഹങ്ങളാണ് ഓരോ ദിവസവും വിവിധയിടങ്ങളിൽ നിന്ന് എത്തിച്ച് പിണറായി പന്തക്കെപ്പാറ വാതക സ്മശാനത്തിൽ സംസ്കരിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും സമയം വേണം. ആറ് മൃതദേഹങ്ങളിൽ കൂടുതൽ വരുമ്പോൾ സംസ്കരിക്കാൻ സാധിക്കാറില്ല. ഒഴിവാക്കുകയാണ് പതിവ്. അല്ലെങ്കിൽ ബന്ധുക്കൾ ആവശ്യപ്പെടുന്ന പക്ഷം മറ്റിടങ്ങളിൽ ബന്ധപ്പെട്ട് സൗകര്യം ഒരുക്കിക്കൊടുക്കും. Oo
ധർമടം പഞ്ചായത്തിൽ നിന്നാണ് കൂടുതൽ മുതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്നത് എന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 50ലധികം മൃതദേഹങ്ങളാണ് പിണറായി പന്തക്കപാറ വാതക ശ്മശാനത്തിൽ ധർമടം ഗ്രാമപഞ്ചായത്തിൽ നിന്ന് മാത്രമായി എത്തിച്ച് സംസ്കരിച്ചത്. വിളിച്ച് ബുക്ക് ചെയ്യുന്ന ക്രമത്തിലാണ് സംസ്കരിക്കുക. അതിനാൽ നിശ്ചയിച്ച സമയത്ത് സംസ്കരിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതി ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടാകുന്നു. അതിനാൽ പലരും ഇപ്പോൾ വീട്ടുവളപ്പിൽ സംസ്കരിക്കുന്ന പഴയ രീതിയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.
ബി. ഗീതമ്മ
(പ്രസിഡൻ്റ്, ധർമടം ഗ്രാമപഞ്ചായത്ത്)
ശ്മശാനത്തിന്റെ അഭാവം പഞ്ചായത്തിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥല ലഭ്യതയാണ് പ്രശ്നം. നിലവിൽ പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങൾ ശ്മശാനത്തിനായി പരിഗണിക്കുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ഇവയിൽ അനുയോജ്യമായ സ്ഥലം ശ്മശാന നിർമ്മാണത്തിനായി പഞ്ചായത്ത് വിലകൊടുത്ത് വാങ്ങും. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി ശ്മശാനം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ