തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ല; ബൈപ്പാസ് റോഡിൽ രാത്രിയിൽ ദുരിതയാത്ര



ധർമടം: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡിൽ മാസങ്ങൾക്കു മുമ്പ് സ്ഥാപിച്ച തെരുവ് വിളക്കുകൾ ഇതുവരെയും പ്രവർത്തനക്ഷമമാകാത്തത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കുന്നു. ഇരുട്ടിലായിരുന്ന ബൈപ്പാസ് റോഡിൽ നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ പല സ്ഥലത്തും ഇന്നുവരെ അവ തെളിയിച്ചിട്ടില്ല. അതിനാൽ രാത്രി സമയങ്ങളിൽ ബൈപ്പാസിൽ മുഴുവൻ കൂരിരുട്ടാണ്. ഇത് കാരണം അപകടങ്ങളും തുടർക്കഥയാണ്. ഇതിനകം തന്നെ ബൈപ്പാസ് റോഡിൽ നിരവധി അപകടങ്ങൾ നടന്ന് കഴിഞ്ഞു. മഴ ആരംഭിച്ചതോടെ റോഡിന്റെ വശങ്ങളിലേക്കുള്ള കാഴ്ച പരിമിതപ്പെടുന്നതും യാത്ര കൂടുതൽ അപകടകരമാകുന്നുവെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. നിരവധി വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്ന ബൈപ്പാസിൽ ആവശ്യമായ ലൈറ്റിംഗ് സൗകര്യം ഇല്ലാത്തത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രധാന റോഡിനൊപ്പം സർവീസ് റോഡുകളിലും മതിയായ തെരുവ് വിളക്കുകളുടെ അഭാവം വലിയ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡുകളിൽ ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും സാന്നിധ്യം കൂടുതലായതിനാൽ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും പേടിയോടെയാണ് സഞ്ചരിക്കുന്നത്. പല ഭാഗങ്ങളിലും കുറ്റിച്ചെടികൾ വളർന്നതിനാൽ രാത്രിയിൽ ജീവികളെ മുൻകൂട്ടി കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി തവണ നായ്ക്കൾ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടിയെത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ പ്രഭാത സവാരിക്കാരും ഭീതിയിലാണ്. ഇരുട്ടിൻ്റെ മറവിൽ സർവീസ് റോഡുകളുടെ വശങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും മാലിന്യങ്ങൾ തള്ളുന്നതും പതിവായിട്ടുണ്ട്. പ്രദേശങ്ങളിലെ ജലാശയങ്ങൾ ഉൾപ്പെടെ അതിരൂക്ഷമായ മലിനീകരണ പ്രതിസന്ധിയും നേരിടുകയാണ്. വാഹനാപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ദേശീയപാത അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും ബൈപ്പാസിലെയും സർവീസ് റോഡുകളിലെയും തെരുവ് വിളക്കുകൾ തെളിയിക്കണമെന്നും പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.


പി.ടി. സനൽകുമാർ
(ധർമടം ഗ്രാമ പഞ്ചായത്ത് മുൻ അംഗം)

സർവീസ് റോഡിലെ വെളിച്ചമില്ലായ്മ കാൽനടയാത്രക്കാരായ പ്രദേശവാസികളെ ഏറെ വലിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. സാമൂഹ്യവിരുദ്ധർ സംഘടിക്കുന്നതും പതിവാണ്. ഇവിടങ്ങളിൽ അടിയന്തരമായി തെരുവുകളുകൾ പ്രവർത്തിപ്പിക്കണം.

Post a Comment

വളരെ പുതിയ വളരെ പഴയ