ധർമ്മടം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി; ഫണ്ട് വിനിയോഗത്തിൽ അപാകം,



അരകോടിയിലധികം രൂപ ചിലവഴിച്ചതിന് തടസവാദവുമായി ഓഡിറ്റ്

ധർമടം: വിവിധ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട അപാകത്തിന്റെ പേരിൽ അരകോടിയിലേറെ രൂപയുടെ ചെലവ് തടസപ്പെടുത്തിയതായി ധർമടം ഗ്രാമപ്പഞ്ചായത്തിന്റെ് ഓഡിറ്റ് റിപ്പോർട്ട്. ഗ്രാമപ്പഞ്ചായത്തിന്റെ ഭരണകാര്യക്ഷമത ഉറപ്പാക്കാൻ ഫലപ്രദമായ ആഭ്യന്തര നിയന്ത്രണ സംവിധാനം അത്യന്താപേക്ഷിതമാണെന്നും 2024-25-ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ വാർഷിക കണക്കെടുപ്പിലാണ് വിവിധ പദ്ധതികളുടെ പണവിനിയോഗത്തിന് തടസ്സം ഉന്നയിച്ചത്. 2024 - 2025 വർഷം നടത്തിയ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ പലതും സുതാര്യമല്ലെന്നും അതിനാൽ ഈ കാലയളവിലെ 50,64,790 രൂപയുടെ പദ്ധതി ചിലവ് തടസപ്പെടുത്തുന്നതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 01-03-2024 മുതൽ 20-07-2025 വരെ വിവിധ ഇനങ്ങളിലായി നടത്തിയിട്ടുള്ള പണം പിരിവ്, പണം ഒടുക്ക്, അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കൽ തുടങ്ങിയവയും പരിശോധനയുടെ ഭാഗമായിരുന്നു. ഓഡിറ്റിൽ കണ്ടെത്തിയ അപാകതകളിൽ 37 എണ്ണം അതതു സമയം സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും 32 എണ്ണത്തിന് മറുപടി ലഭിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 21-07-2025 മുതൽ 31-07-2025 വരെയാണ് ഓഡിറ്റ് നടന്നത്. 

തടസവാദം ഉന്നയിച്ച പ്രധാന പദ്ധതികൾ

സ്ട്രീറ്റ് മെയിൻ എക്സ്റ്റൻഷൻ പ്രവർത്തിയിലെ അപാകവുമായി ബന്ധപ്പെട്ട് 28,26,000 രൂപയാണ് ചിലവിനത്തിൽ ഓഡിറ്റ് വിഭാഗം തടസ്സവാദം ഉന്നയിച്ച ഉയർന്ന തുക. വനിതകൾക്ക് ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് 7,50,420 രൂപ, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ സബ്സിഡി അനുവദിച്ചതിലും പ്രോജക്ട് നടത്തിപ്പിലും നടന്ന അപാകതകളിൽ 3,75,000 രൂപ, വിവര സഞ്ചയിക തയ്യാറാക്കൽ പ്രോജക്റ്റ് പൂർത്തീകരണ രേഖകൾ ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട് 5,35,041 രൂപ, തെരുവ് വിളക്ക് വാർഷിക അറ്റകുറ്റപ്പണി നിർവഹണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് 2,10,000 രൂപ, എ.ബി.സി പദ്ധതിയുടെ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട് 1,50,000 രൂപ, വ്യക്തിഗത സ്വയം തൊഴിലിന് വനിതകൾക്ക് ധനസഹായം നൽകൽ, സാന്ത്വന പരിചരണ പദ്ധതി പ്രകാരമുള്ള മരുന്നുകൾ ലഭ്യമാക്കൽ, പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കൽ എന്നിങ്ങനെ പോകുന്നു സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ ധർമടം പഞ്ചായത്തിന്റെ പദ്ധതി ചിലവ് ഇനത്തിൽ നടന്ന അപാകവുമായി ബന്ധപ്പെട്ട് തടസ്സവാദമുന്നയിച്ചവയെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാലികമായി ആസ്തിരജിസ്റ്റർ സൂക്ഷിച്ചില്ല

ആസ്തി രജിസ്റ്റർ കാലികമായി സൂക്ഷിച്ചില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലൂടെ ഭൂമിയുടെ യഥാർഥമൂല്യം വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. കൂടാതെ ക്യാപ്പിറ്റൽ വർക്ക് ഇൻ പ്രോഗ്രസ്സിലെ പ്രവർത്തികളുടെ വിവരം ഉൾപ്പെടുത്തി ചിലവ് വിവരം കാലികമായി സൂക്ഷിച്ചില്ല എന്നും റിപ്പോർട്ടിലുണ്ട്. ഹഡ്കോ വായ്പ തിരിച്ചടക്കാനുള്ള തുകയിൽ പലിശ ഉൾപ്പെടുത്തി. നികുതി, നികുതി ഇതര വരുമാനങ്ങൾക്ക് സമയബന്ധിതമായി ഡിമാൻഡ് രേഖപ്പെടുത്തുന്നില്ലെന്നും വസ്തു നികുതി വർഷത്തിൽ ഒരുതവണ മാത്രമേ ഡിമാൻഡ് രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 


പഞ്ചായത്ത് പദ്ധതികൾ നടപ്പിലാക്കിയത് 52.52 ശതമാനം മാത്രം

2024- 25 വർഷത്തെ ഓഡിറ്റ് പ്രകാരം 219 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ 137 പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. 40 പദ്ധതികൾ ഭാഗികമായി നടപ്പാക്കി. 42 പദ്ധതികൾ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല എന്ന് റിപ്പോർട്ടിലുണ്ട്. 1,18,111,742 ആകെ അടങ്കൽ തുകയിൽ 62,034,691 രൂപയാണ് പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചത്. അതായത് അനുവദിച്ച തുകയുടെ 52.52 ശതമാനം. 
 
പഞ്ചായത്തിന്റെ ആഭ്യന്തര നിയന്ത്രണം:

ഓഫീസിന്റെ ആഭ്യന്തര നിയന്ത്രണ പ്രവർത്തനം പൊതുവേ തൃപ്തികരമാണ്. എന്നാൽ എല്ലാ മാസവും ജീവനക്കാരുടെ ഓഫീസ് മീറ്റിംഗ് വിളിച്ചു ചേർക്കാത്തതും, ചേർന്ന മീറ്റിങ്ങുകളിൽ ഓഫീസിന്റെ പൊതുവേയുള്ള പ്രവർത്തന പുരോഗതി അവലോകനം ചെയ്യാത്തതും പോരായ്മയായി ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. യോഗ തീരുമാനങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതും സൂചിപ്പിച്ചിട്ടുണ്ട്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പ്രതിമാസ യോഗങ്ങളിൽ എല്ലായിപ്പോഴും തനത് നികുതി പിരിവ് പുരോഗതി കാര്യക്ഷമമായി അവലോകനം ചെയ്യപ്പെടുന്നില്ലെന്നും തനത് വരുമാന വർധനവിന് ഉതകുന്ന രീതിയിലുള്ള നിർദ്ദേശങ്ങളും മറ്റ് വരുമാന സ്രോതസ്സുകളെ പറ്റിയുള്ള ചർച്ചകളും ഉണ്ടായിട്ടില്ല എന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ