അലക്ഷ്യമായ വാഹന പാർക്കിംഗ്, ചിറക്കുനിയിൽ ഗതാഗതക്കുരുക്കേറുന്നു; അടിയന്തര ഇടപെടൽ ആവശ്യം ഉയരുന്നു



ധർമടം: ചിറക്കുനി ടൗണിലെ പാതയോരങ്ങളിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചിറക്കുനിയിലെ മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് അടിപ്പാത മുതൽ അബു- ചാത്തുക്കുട്ടി സ്റ്റേഡിയം വരെയും, അണ്ടലൂർ റോഡിൽ പഴയ ജവാൻ സ്മാരകം വരെയും നിരന്തരം ഗതാഗതക്കുരുക്കാണ്. രാവിലെയും വൈകിട്ടും കുരുക്കിന്റെ കാഠിന്യം കൂടും. ഇവിടെ റോഡിന് വീതിയും കുറവാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി വരുന്നവർ കടകൾക്ക് മുന്നിൽ തന്നെ വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ജനത്തിരക്ക് കൂടുതലുള്ള സമയങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതുവഴി വന്നാൽ കുരുക്കിന്റെ നീളം കൂടും. ചിറക്കുനി ജംഗ്ഷനിലെ ആൽച്ചുവട്ടിൽ സ്ഥാപിച്ച സൂചന ഫലകം പാലിക്കാതെയുള്ള വാഹനങ്ങളുടെ ഓട്ടവും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരുക്ക് ഒഴിവാക്കുന്നതിന് ഇടപെടൽ നടത്തിയിരുന്നു. ഗുഡ്സ് വാഹനങ്ങൾ ഉൾപ്പെടെയുള്ളവരുടെ പാർക്കിംഗ് സ്ഥലങ്ങൾ ക്രമീകരിച്ച് നിർദ്ദേശവും നൽകി. ഇത് സംബന്ധിച്ച് ബോർഡുകളും സ്ഥാപിച്ചു. ഇത് പാലിക്കാൻ പലരും തയ്യാറാകാത്തതും ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടി. ടൗൺ നവീകരണത്തിന്റെ ഭാഗമായി മേലൂർ ഭാഗത്ത് സ്റ്റേഡിയം വരെ നടപ്പാതയും കൈവരിയും സ്ഥാപിച്ചിരുന്നു. എന്നാൽ കാൽനടയാത്രക്കാർ പലരും നടപ്പാത ഉപയോഗപ്പെടുത്താതെ റോഡിൽ ഇറങ്ങി നടക്കുന്നതും പതിവാണ്. ഇത് അപകട സാധ്യതയും വർധിപ്പിക്കുന്നു. ചിറക്കുനി ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ്, എൻ.ടി.ടി.എഫ്, കണ്ണൂർ സർവകലാശാല ക്യാമ്പസ്, നഴ്സിംഗ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. ജൂണിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങും. ഇത് ചിറക്കുനിയിലെ നിലവിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കും. വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥലങ്ങളിലെ അലക്ഷ്യമായ പാർക്കിംഗ് ഒഴിവാക്കിയാൽ മാത്രമേ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളു.
പഞ്ചായത്ത് അധികൃതരും പോലീസും ഇടപെട്ട് അനധികൃത പാർക്കിംഗ് ഒഴിവാക്കി ഇതുവഴിയുള്ള വാഹനഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



സനോജ് പാലേരി
(കോൺഗ്രസ്‌ ധർമടം മണ്ഡലം വൈസ് പ്രസിഡന്റ്)

വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ചിറക്കുനി ടൗണിന് സമീപം സ്ഥലം കണ്ടെത്തണം. കൂടാതെ ജനത്തിരക്കേറുന്ന സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ഉറപ്പാക്കണം.


കെ നാരായണൻ
(ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)

ചിറക്കുനിയിലെ ഗതാഗതക്കുരുക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത് പൂർണമായി ഫലപ്രാപ്ത്തിയിലെത്തിയില്ല. ചർച്ചകൾ തുടരുന്നുണ്ട്. ഉടൻ പരിഹാരം ഉണ്ടാകും.

Post a Comment

വളരെ പുതിയ വളരെ പഴയ