വിസ വീട്ടുജോലിക്ക് ,കുവൈറ്റില്‍ എത്തിയാല്‍ ഇറാഖിലേക്ക് കടത്തും, മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന NIA റിപ്പോര്‍ട്ട്

വീട്ടുജോലിക്കും മറ്റുമായി കുവൈറ്റിലേക്ക് പോയവർ നിര്‍ബന്ധിത തൊഴിലിനും ലൈംഗിക ദുരുപയോഗത്തിനും ഇരയായെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോർട്ട് ഇപ്പോള്‍ കുവൈത്ത്‌ മനുഷ്യക്കടത്തു കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചിരിക്കുകയാണ്.

കൊച്ചി യൂണിറ്റാണു ഡല്‍ഹി ഹെഡ്‌ക്വാട്ടേഴ്‌സിനു റിപ്പോര്‍ട്ട്‌ കൈമാറിയത്‌. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നു നിരവധി പേരെ കുവൈത്തു വഴി ഇറാഖിലേയ്‌ക്കു കടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണു എന്‍.ഐ.എ. അന്വേഷണം നടത്തിയത്‌. വഞ്ചിക്കപ്പെട്ടവരുടെ പരാതികളില്‍ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസെടുത്തിരുന്നു. കൂടുതലും സ്‌ത്രീകളാണു പരാതിക്കാര്‍. ഹെഡ്‌ക്വാട്ടേഴ്‌സിന്റെ അനുമതി ലഭിച്ചാല്‍, കേസ്‌ രജിസ്‌റ്റര്‍ ചെയ്യുമെന്നു എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മറ്റു മനുഷ്യക്കടത്തു കേസുകള്‍ക്കൊപ്പം ഈ കേസും അന്വേഷിക്കും.

മുനമ്ബം മനുഷ്യക്കടത്ത്‌, ഇറാന്‍ വൃക്ക തട്ടിപ്പ്‌ കേസുകളില്‍ കേസെടുത്ത്‌ അന്വേഷണം നടക്കുകയാണ്‌. കുവൈത്ത്‌ മനുഷ്യക്കടത്തു കേസിലെ പ്രധാന പ്രതി കണ്ണൂര്‍ തളിപ്പറമ്ബ്‌ സ്വദേശി കുവൈത്തിലാണെന്നു സൂചന. ഇയാളെ നാട്ടിലെത്തിക്കേണ്ടതുണ്ട്‌. ഇയാള്‍ക്കായി സംസ്‌ഥാനത്തിനകത്തും പുറത്തുമായി വിദേശ റിക്രൂട്ടിങ്‌ നടത്തുന്ന പലരുമുണ്ട്‌. മുംബൈയില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി റിക്രൂട്ടിങ്‌ നടത്തുന്ന മലയാളികളുണ്ടെന്നും വ്യക്‌തമായി. രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുത്തു. ഹരിപ്പാട്ടുള്ള റിക്രൂട്ടിങ്‌ ഏജന്‍സി കുവൈത്തിലേക്കു കയറ്റിവിട്ട കരുവാറ്റ, പുനലൂര്‍ സ്വദേശിനികള്‍ വിദേശത്തു കുടുങ്ങിയിരുന്നു. മറ്റൊരു റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പില്‍ പരാതിയുമായി 40 വയസുകാരിയായ ആലുവ സ്വദേശിനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

കുവൈത്തില്‍ വീട്ടുജോലിക്കായി എത്തുന്നവരെ നിര്‍ബന്ധിത തൊഴിലിനും വേശ്യാവൃത്തിക്കും ഉപയോഗിക്കുന്നതായി രക്ഷപ്പെട്ടെത്തിയവര്‍ അന്വേഷണസംഘത്തോടു പറഞ്ഞു. ബംഗ്ലാദേശ്‌, ഇന്ത്യ, പാകിസ്‌താന്‍, ശ്രീലങ്ക, നേപ്പാള്‍, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളില്‍ നിന്നു വീട്ടുജോലിക്കാരായോ കുറഞ്ഞ വൈദഗ്‌ധ്യമുള്ള തൊഴിലാളികളായോ ജോലി ചെയ്യാന്‍ തയാറുള്ളവരാണു മനുഷ്യക്കടത്തു സംഘത്തിന്റെ പ്രധാന ഇരകള്‍.

സഞ്ചാരനിയന്ത്രണം, പാസ്‌പോര്‍ട്ട്‌ നിയമവിരുദ്ധമായി തടഞ്ഞുവയ്‌ക്കല്‍, വേതനം നല്‍കാതിരിക്കല്‍, ഭീഷണി, ശാരീരിക- ലൈംഗിക ദുരുപയോഗം തുടങ്ങിയവ നേരിടേണ്ടി വരുന്നു. വിവിധ മേഖലകളില്‍ ജോലി വാഗ്‌ദാനം ചെയ്‌തു വഞ്ചിതരായ ചില വീട്ടുജോലിക്കാരും വേശ്യാവൃത്തിയിലേക്കു നിര്‍ബന്ധിക്കപ്പെടുന്നുണ്ട്‌.

ഇറാഖിലെ കുറഞ്ഞ വൈദഗ്‌ധ്യമുള്ള ജോലികള്‍ക്കായി കുവൈത്ത്‌ ലേബര്‍ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ റിക്രൂട്ട്‌ ചെയ്യുന്ന ദക്ഷിണ, കിഴക്കനേഷ്യന്‍ തൊഴിലാളികള്‍ക്കുള്ള ഒരു ട്രാന്‍സിറ്റ്‌ രാജ്യം കൂടിയാണു കുവൈത്ത്‌. ഇതും മനുഷ്യക്കടത്തുകാര്‍ മറയാക്കുന്നുണ്ട്‌. ഈ ജോലിക്കാരില്‍ ചിലര്‍ ഇറാഖിലെ ജോലിയുടെ യഥാര്‍ഥസ്‌ഥിതി അറിയാതെയാണു പോകുന്നത്‌. മറ്റു ചിലര്‍ കുവൈത്ത്‌ വഴി ഇറാഖിലേക്കു സ്വമേധയാ കടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്‌.

ഇതിനിടെ മനുഷ്യക്കടത്ത് തടയുന്നതിനായി കരുതല്‍ നടപടികളുമായി കുവൈത്ത് നീതിന്യായ മന്ത്രാലയം. മനുഷ്യക്കടത്ത് തടയുന്നതിൻറെ ഭാഗമായി ഹ്യൂമണ്‍ ട്രാഫിക്കിംഗ് നാഷണല്‍ സമിതിയും അഭിഭാഷകരുടെ അസോസിയേഷനുമായി സഹകരണ കരാറില്‍ ഒപ്പിട്ടു. നിയമപരമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സമൂഹത്തില്‍ അവബോധം വളർത്തുകയാണ് സഹകരണ പ്രോട്ടോക്കോള്‍ ലക്ഷ്യമിടുന്നത്.

ദേശീയ പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായുള്ള സഹകരണം വളർത്തിയെടുക്കുന്നതില്‍ പ്രോട്ടോക്കോള്‍ സുപ്രധാന ചുവടുവെപ്പാണെന്ന് മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറിയും നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ താരിഖ് അല്‍-അസ്ഫൂർ പറഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കുവാൻ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക അവബോധ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായാണ് സഹകരണ കരാർ ഒപ്പിട്ടത്.

പെണ്‍വാണിഭത്തിന് ഇരയായവർക്ക് നിയമസഹായവും ഉപദേശവും നല്‍കാനും കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര മാനദണ്ഡങ്ങളും ദേശീയ നിയമങ്ങളും അനുസരിച്ച്‌ സംശയാസ്പദമായ മനുഷ്യക്കടത്ത് കേസുകള്‍ നിരീക്ഷിക്കും. അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലംഘനങ്ങള്‍ കുറയ്ക്കുന്നതിനും പ്രോട്ടോക്കോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അല്‍-അസ്ഫൂർ പറഞ്ഞു.

നേരത്തെ ഹ്യൂമണ്‍ ട്രാഫിക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റ് അധികൃതർ ആരംഭിച്ചിരുന്നു. നിലവില്‍ കുവൈത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വർഷം തടവും 5000 മുതല്‍ 10,000 ദിനാർ വരെ പിഴയുമാണ് ലഭിക്കുക. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച്‌ പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.


Post a Comment

വളരെ പുതിയ വളരെ പഴയ